കല്‍പ്പറ്റ: വയനാട് വൈത്തിരി കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. തിങ്കളാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. വന്‍ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആളപായമില്ല.
കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. പ്രളയകാലത്തും കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി ലക്കിടിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം താമരശ്ശേരി ചുരത്തിലും ലക്കിടിയിലും കനത്ത കോടമഞ്ഞും അനുഭവപ്പെടുന്നുണ്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അഞ്ചുദിവസത്തേയ്ക്ക് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടര്‍ച്ചയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിച്ചിടിലിനും സാധ്യതയുണ്ട്.
ബുധനാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും. എന്നാല്‍ ചുഴലിക്കാറ്റായി മാറില്ല. ന്യൂനമര്‍ദമായിത്തന്നെ കരയിലേക്ക് കടക്കാനാണ് സാധ്യത.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശമുണ്ട്.