| Friday, 13th July 2012, 10:38 am

നെല്‍വയല്‍ നികത്തല്‍: സര്‍ക്കാര്‍ തീരുമാനം ഭൂമാഫിയയെ സഹായിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

2005 വരെ നികത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഒറ്റത്തവണകൊണ്ട് കരഭൂമിയായി ക്രമപ്പെടുത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്. വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തണ്ണീര്‍ത്തടം നികത്തലിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഭൂമാഫിയയെ സഹായിക്കാനാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഏക്കറുകണക്കിന് വയലുകള്‍ നികത്തി അവിടെ ഷോപ്പിംഗ് മാളുകളും ഫ്‌ളാറ്റുകളും പണിയുകവഴി കോടികളുണ്ടാക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ സമ്മര്‍ദ്ദമാണ് ഇത്തമൊരു തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും ആരോപണമുയരുന്നുണ്ട്.

ഫെബ്രുവരിയിലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അതീവ രഹസ്യമാക്കിവെച്ചുവെന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. തീരുമാനം പുറത്തായപ്പോള്‍ നെല്‍വയല്‍ നികത്തലിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിച്ചിട്ടില്ലാത്തതിനാലാണ് ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നതെന്ന വിശദീകരണമാണ് മന്ത്രി നല്‍കിയത്. കൂടാതെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചതെന്ന പതിവ് കുറ്റപ്പെടുത്തലും നടത്തി.

സര്‍ക്കാരിന്റെ പുതിയ നിയമം വന്നതോടെ ഏക്കറുകണക്കിന് നെല്‍വയലുകള്‍ അനധികൃതമായി നികത്തി അവിടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയ ഭൂമാഫിയയുടെ ചെയ്തികള്‍ക്ക് നിയമസാധുത കൈവരും.

എന്നാല്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തലിന് അനുമതി നല്‍കുമ്പോള്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു ശാസ്ത്രീയ വശങ്ങളും പരിശോധിക്കാതെയുള്ള  സര്‍ക്കാരിന്റെ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്ന കാര്യത്തില്‍ സംശയമില്ല. 2005 ജനുവരി ഒന്നുവരെ നികത്തിയ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കപ്പെടാന്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ റിയല്‍ എസ്റ്റേറ്റ് ഫ്‌ളാറ്റ്  നിര്‍മാണ മാഫിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമങ്ങള്‍ വിജയംകണ്ടില്ല. ഭരണമാറ്റത്തോടെ ഈ ലോബികള്‍ ശക്തിയാര്‍ജ്ജിക്കുകയും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ തീരുമാനം നേടിയെടുക്കുകയുമായിരുന്നു.

സര്‍ക്കാരിന്റെ പുതിയ നിയമം വന്നതോടെ ഏക്കറുകണക്കിന് നെല്‍വയലുകള്‍ അനധികൃതമായി നികത്തി അവിടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയ ഭൂമാഫിയയുടെ ചെയ്തികള്‍ക്ക് നിയമസാധുത കൈവരും. നിശ്ചിത ഫീസ് വാങ്ങി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് അനുമതി നല്‍കാനും പുതിയ ഉത്തരവില്‍ വ്യസ്ഥയുണ്ട്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചാണ് പുതിയ ഉത്തരവിറക്കിയിട്ടുള്ളത്.

കേരളത്തില്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നികത്തപ്പെട്ടിട്ടുള്ളത്. ഏറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മാത്രം ഇത്തരം ഭൂമി നികത്തിയുണ്ടാക്കിയ കെട്ടികള്‍ 1500ല്‍ കൂടുതലാണെന്നാണ് ഔദ്യോഗിക കണക്ക്. ഏറണാകുളത്ത് മാത്രം ഇത്തരത്തിലുള്ള 150 കെട്ടിടങ്ങളുണ്ട്.

പുതിയ ഉത്തരവിലൂടെ 2005വരെ അനധികൃതമായി നികത്തിയ  50000 ഏക്കറോളം തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി അംഗീകരിക്കപ്പെടും. കൂടാതെ ഉത്തരവിന്റെ മറയില്‍ നിരവധി ഏക്കര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താനിരിക്കുന്നതേയുള്ളൂ.

We use cookies to give you the best possible experience. Learn more