യുവേഫ നേഷന്‍സ് ലീഗില്‍ കിരീടപ്പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിന് ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്പെയ്നിനെ നേരിടും.
ലോക ഫുട്ബോളിലെ ഇതിഹാസതാരം ഭാവി ഇതിഹാസവുമായി നേര്‍ക്കുനേര്‍ എന്നതാണ് സ്പെയ്ന്‍ – പോര്‍ച്ചുഗല്‍ മത്സരത്തിനായുള്ള ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്.
സ്പാനിഷ് സൂപ്പര്‍ താരവും ലാ മാസിയയുടെ തട്ടകത്തില്‍ കളിയടവ് പഠിച്ചവനുമായ ലാമിന്‍ യമാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി നേര്‍ക്കുനേര്‍ വരികയാണ്. കരിയിറില്‍ ഇതാദ്യമായാണ് ലാമിന്‍ യമാല്‍ റൊണാള്‍ഡോയെ നേരിടാനൊരുങ്ങുന്നത്.
ക്രിസ്റ്റ്യാനോയെ മാത്രമല്ല, അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച റൈവലും ഫുട്‌ബോള്‍ ലെജന്‍ഡുമായ ലയണല്‍ മെസിയെയും ലാമിന്‍ യമാലിന് നേരിടാനുണ്ട്. അതും മറ്റൊരു കിരീടപ്പോരാട്ടത്തില്‍!
കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയ്‌നും തമ്മിലുള്ള പോരാട്ടത്തിലാണ് ലയണല്‍ മെസിയും ലാമിന്‍ യമാലും കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്. ബാഴ്‌സലോണ വളര്‍ത്തിയ രണ്ട് താരങ്ങള്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മാച്ചിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നു.
നവീകരിച്ചെത്തുന്ന ക്യാമ്പ് നൗ സ്റ്റേഡിയത്തില്‍ ഈ മത്സരം നടക്കാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍, ബാഴ്സ വളര്‍ത്തിയ രണ്ട് താരങ്ങള്‍ കിരീടത്തിനായി പോരാടുന്നത് വണ്‍സ് ഇന്‍ എ ജനറേഷന്‍ മാച്ചായി പോലും ആരാധകര്‍ വിലയിരുത്തുന്നുണ്ട്.
ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ പ്രധാനി കൂടിയാണ് ലാമിന്‍ യമാല്‍. ലാ റോജയ്‌ക്കൊപ്പം ഒരു അന്താരാഷ്ട്ര കിരീടം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കാനായാല്‍ പുരസ്‌കാരനേട്ടത്തിനുള്ള താരത്തിന്റെ സാധ്യതകളും വര്‍ധിക്കും.
ഒരുപക്ഷേ ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളം ലാമിനെ തേടിയെത്തുകയാണെങ്കില്‍ ചരിത്രവും കുറിക്കപ്പെടും. ഈ പുരസ്‌കാരത്തില്‍ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സ്പാനിഷ് സൂപ്പര്‍ താരത്തിന് സ്വന്തമാവുക. 1997ല്‍ തന്റെ 21ാം വയസില്‍ ബാലണ്‍ ഡി ഓര്‍ നേടിയ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയുടെ റെക്കോഡ് ഇതോടെ തകരും.
എന്നാല്‍ ലാമിനും യുവേഫ നേഷന്‍സ് കിരീടത്തിനും മുമ്പില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത് സി.അര്‍. 7 എന്ന അതികായനും അദ്ദേഹത്തിന്റെ പറങ്കിപ്പടയുമാണ് എന്നതാണ് യമാല്‍ ആരാധകരെ ഭയപ്പെടുത്തുന്നത്.
ആദ്യ ഘട്ടത്തില്‍ ലീഗ് എ ഗ്രൂപ്പ് വണ്ണില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ മുമ്പോട്ട് കുതിച്ചത്. ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ഡെന്‍മാര്‍ക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം പാദത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളടിച്ച് ടീം വിജയം സ്വന്തമാക്കി. ഇതോടെ 5-3 അഗ്രഗേറ്റ് സ്‌കോറില്‍ സെമി ഫൈനലിനും ടീം ടിക്കറ്റെടുത്തു.
സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ടീം മറ്റൊരു നേഷന്‍സ് കിരീടം സ്വപ്‌നം കാണുന്നത്.
ലീഗ് എ ഗ്രൂപ്പ് ഫോറില്‍ നിന്നുമാണ് സ്‌പെയ്ന്‍ മുമ്പോട്ട് കുതിക്കുന്നത്. ആറില്‍ അഞ്ച് മത്സരവും വിജയിച്ച ടീം സെര്‍ബിയയോട് സമനില വഴങ്ങി.
നെതര്‍ലന്‍ഡ്‌സിനെയാണ് ക്വാര്‍ട്ടറില്‍ ടീമിന് നേരിടാനുണ്ടായിരുന്നത്. ആദ്യ പാദത്തില്‍ ഇരുവരും രണ്ട് ഗോള്‍ വീതവും രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ വീതവും നേടി സമനില പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടക്കുകയും 4-5 എന്ന സ്‌കോറില്‍ ലാ റോജ വിജയം സ്വന്തമാക്കുകയും ചെയ്തു.
സെമിയില്‍ ഫ്രാന്‍സിനെയാണ് 2010 ലോകചാമ്പ്യന്‍മാര്‍ തകര്‍ത്തുവിട്ടത്. നാലിനെതിരെ അഞ്ച് ഗോളിനായിരുന്നു ടീമിന്റെ വിജയം. കലാശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെതിരെയും വിജയിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാകും സ്‌പെയ്ന്‍ ഒരുങ്ങുന്നത്.
Content highlight: Lamine Yamal will face Lionel Messi in Finalissima and Cristiano Ronaldo in UEFA Nations League final