യുവേഫ നേഷന്‍സ് ലീഗിന്റെ രണ്ടാം സെമി ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്‌പെയ്ന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. എം.എച്ച്.പി അരീനയില്‍ നടന്ന മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളിനാണ് ലാ റോജ ഫ്രാന്‍സിനെ തകര്‍ത്തുവിട്ടത്. ഇതോടെ ജൂണ്‍ ഒമ്പതിന് നടക്കുന്ന ഫൈനലിനും സ്‌പെയ്ന്‍ യോഗ്യത നേടി.
മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെയാണ് സ്‌പെയ്‌നിന് നേരിടാനുള്ളത്. ആദ്യ സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഫൈനലിന് ടിക്കറ്റെടുത്തത്.
ഫുട്‌ബോളിലെ ഇതിഹാസം ഭാവി ഇതിഹാസത്തെ നേരിടുന്നു എന്നതാണ് സ്‌പെയ്ന്‍ – പോര്‍ച്ചുഗല്‍ മത്സരത്തിനായുള്ള ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്. സ്പാനിഷ് വണ്ടര്‍ കിഡും ലാ മാസിയ വളര്‍ത്തിയെടുത്തവനുമായ ലാമിന്‍ യമാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി നേര്‍ക്കുനേര്‍ വരികയാണ്. കരിയിറില്‍ ഇതാദ്യമായാണ് ലാമിന്‍ യമാല്‍ റൊണാള്‍ഡോയെ നേരിടാനൊരുങ്ങുന്നത്.
എന്നാല്‍ കിരീടപ്പോരാട്ടത്തില്‍ റോണോയെ മാത്രമല്ല, ഫുട്‌ബോളിലെ മറ്റൊരു ഇതിഹാസം ലയണല്‍ മെസിയെയും ലാമിന്‍ യമാലിന് വൈകാതെ നേരിടാനുണ്ട്. ഫൈനലിസിമ കിരീടത്തിനായുള്ള അര്‍ജന്റീന – സ്‌പെയ്ന്‍ പോരാട്ടമാണ് ലാമിന്‍ യമാല്‍ – ലയണല്‍ മെസി ക്ലാഷിനും വഴിയൊരുക്കുന്നത്.
സ്‌പെയ്ന്‍ യൂറോ കപ്പും അര്‍ജന്റീന കോപ്പ അമേരിക്ക കിരീടവും സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസി – ലാമിന്‍ പോരാട്ടത്തിനും വഴിയൊരുങ്ങിയത്. ബാഴ്‌സലോണയുടെ രണ്ട് ജനറേഷന്‍ കൊമ്പുകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്.
നവീകരിച്ചെത്തുന്ന ക്യാമ്പ് നൗ സ്റ്റേഡിയത്തില്‍ ഈ മത്സരം നടക്കാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍, ബാഴ്‌സ വളര്‍ത്തിയ രണ്ട് താരങ്ങള്‍ കിരീടത്തിനായി പോരാടുന്നത് വണ്‍സ് ഇന്‍ എ ജനറേഷന്‍ മാച്ചായി പോലും ആരാധകര്‍ വിലയിരുത്തുന്നുണ്ട്.
അതേസമയം, സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുമായാണ് ലാമിന്‍ യമാല്‍ തിളങ്ങിയത്. കളിയിലെ താരവും യമാല്‍ തന്നെയായിരുന്നു.
മത്സരത്തിന്റെ 22ാം മിനിട്ടില്‍ നിക്കോ വില്യംസിലൂടെ സ്‌പെയ്‌നാണ് മുമ്പിലെത്തി. ഒയാര്‍സ്ബാലിന്റെ പാസില്‍ നിന്നുമാണ് താരം ലാ റോജയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്.
ആദ്യ ഗോള്‍ പിറന്ന് കൃത്യം നാലാം മിനിട്ടില്‍ സ്‌പെയ്ന്‍ അടുത്ത വെടി പൊട്ടിച്ചു. മൈക്കല്‍ മെരിനോയിലൂടെ ടീം ലീഡ് ഇരട്ടിയാക്കി. ഇത്തവണയും ഒയാര്‍സ്ബാലാണ് ഗോളിന് വഴിയൊരുക്കിയത്.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുമായി സ്‌പെയ്ന്‍ മുന്നിട്ടുനിന്നു. യുവതാരം ലാമിന്‍ യമാലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് ആദ്യ പകുതിയിലെ ശ്രദ്ധേയമായ മറ്റൊരു സംഭവം.
രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച സ്‌പെയ്ന്‍ പത്ത് മിനിട്ടിനുള്ളില്‍ തന്നെ മൂന്നാം ഗോളും വലയിലെത്തിച്ചു. പെനാല്‍ട്ടിയിലൂടെ ലാമിന്‍ യമാലാണ് ഗോള്‍ സ്വന്തമാക്കിയത്. രണ്ട് മിനിട്ടിന് ശേഷം 55ാം മിനിട്ടില്‍ പെഡ്രി ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി സ്‌പെയ്‌നിന് മികച്ച ലീഡ് സമ്മാനിച്ചു.
59ാം മിനിട്ടിലാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറവിയെടുത്തുന്നത്. പെനാല്‍ട്ടിയിലൂടെ കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നു.
67ാം മിനിട്ടില്‍ തന്റെ ബ്രേസ് പൂര്‍ത്തിയാക്കിയ ലാമിന്‍ യമാല്‍ സ്‌പെയ്‌നിന് വീണ്ടും നാല് ഗോളിന്റെ ലീഡ് സമ്മാനിച്ചു.
79ാം മിനിട്ടില്‍ റയാന്‍ ചെര്‍കി ഫ്രാന്‍സിനായി രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഡാനി വിവിയന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ആഡ് ഓണ്‍ ടൈമിന്റെ മൂന്നാം മിനിട്ടില്‍ കോലോ മുവാനി ഫ്രഞ്ച് പടയുടെ നാലാം ഗോളും കണ്ടെത്തിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡില്‍ ലാ റോജ ഫൈനലിന് ടിക്കറ്റെടുത്തു.
Content Highlight: Lamine Yamal will face Cristiano Ronaldo in UEFA Nations League final and Lionel Messi in Finalissima