ലാലിഗ കിരീടമുയര്‍ത്തിയതിന്റെ ബാഴ്സലോണയുടെ വിജയാഘോഷത്തിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി യുവതാരം ലാമിന്‍ യമാല്‍. ടീം 29ാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ വിക്ടറി പരേഡിനിടെ യമാൽ ഫലസ്തീൻ പതാക വീശുകയായിരുന്നു.
ബാഴ്സലോണ തെരുവിലൂടെ ക്ലബ്ബിന്റെ ആഘോഷ പരിപരിപാടിയുടെ ഭാഗമായി നടന്ന തുറന്ന വാഹനത്തിലെ ടീം പരേഡിനെയായിരുന്നു ഈ സംഭവം. യമാല്‍ പതാക വീശുമ്പോള്‍ ബാഴ്‌സയിലെ സഹതാരങ്ങളും ഒപ്പമുണ്ടായിരുന്നു. ബാഴ്‌സ താരങ്ങളെ അഭിവാദ്യം ചെയ്യാനും പരേഡ് കാണാനും തെരുവുകളില്‍ പതിനായിരത്തോളം കാണികള്‍ തടിച്ചുകൂടിയിരുന്നു.
ഇവരുടെ ഇടയിലൂടെ വാഹനം സഞ്ചരിക്കവെയാണ് യമാല്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി വീശിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ താരത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഒപ്പം നിരവധി ആരാധകര്‍ ഈ ദൃശ്യങ്ങള്‍ തങ്ങളുടെ വാളിലും പങ്കിട്ടിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്സ തുടര്‍ച്ചയായ രണ്ടാം സീസണിലും കപ്പുയര്‍ത്തിയത്. ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ടീമിന്റെ വിജയം. മര്‍ക്കസ് റാഷ്ഫോഡും ഫെറാന്‍ ടോറസുമാണ് കാറ്റാലന്‍ പടക്കായി ഗോള്‍ വല കുലുക്കിയത്.
2026 ലാലിഗ കിരീടവുമായി ബാഴ്‌സലോണ. Photo: FC Barcelona/x.com
മത്സരത്തില്‍ വിജയിച്ചതോടെ ബാഴ്സ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും റയലുമായുള്ള പോയിന്റ് വ്യത്യാസം 11 ആക്കി ഉയർത്തുകയും ചെയ്തതോടെ ഈ സീസണിലെ കപ്പുറപ്പിച്ചത്. മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഴ്സയുടെ കിരീടനേട്ടം.
സ്‌പെയിനിലെ പ്രൊ ഫലസ്തീന്‍ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമാണ് ബാഴ്സലോണ. ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ഇവിടെ പതിവായി പ്രതിഷേധങ്ങളും നടക്കാറുണ്ട്. ഗസയിലെ ഉപരോധനത്തിനെതിരെ പ്രതിഷേധിച്ച് സഹായഹസ്തവുമായി സഞ്ചരിച്ച ഫ്‌ലോട്ടില്ല കപ്പലു കളുടെ പ്രഭവകേന്ദ്രവും ബാഴ്സലോണയായിരുന്നു.
Content Highlight: Lamine Yamal waves Palestine flag during Barcelona’s La Liga title celebration