ഫുട്ബോൾ ലോകം കാത്തിരുന്ന 2026 ബാലൺ ഡി ഓർ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച വനിതാ താരത്തിനുള്ള അവാർഡ് ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് സ്വന്തമാക്കിയപ്പോൾ മികച്ച പുരുഷതാരമായി ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ തെരഞ്ഞെടുക്കപ്പെട്ടു.
ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാലൺ ഡി ഓർ നഷ്ടമായെങ്കിലും മറ്റൊരു പുരസ്കാരം സ്വന്തമാക്കി യമാൽ തിളങ്ങി. മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ഏറ്റുവാങ്ങിയാണ് താരം ശ്രദ്ധ നേടിയത്. തുടർച്ചയായി മൂന്നാം തവണയാണ് യമാൽ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഈ ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഈ അവാർഡ് നേടാൻ അർഹൻ മറ്റൊരു താരമായിരുന്നുവെന്ന് യമാൽ തുറന്നുപറഞ്ഞു. സ്‌പെയ്ൻ ടീമിലെ തന്റെ സഹതാരമായ പൗ കുബാർസിയെ കുറിച്ചാണ് യമാൽ സംസാരിച്ചത്. കുബാർസി ഈ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നെങ്കിൽ താൻ സന്തോഷിച്ചേനെയെന്നും യമാൽ പറഞ്ഞു.
‘ഇവിടെയെത്തി ഈ പുരസ്കാരം സ്വീകരിക്കാൻ സാധിച്ചതിൽ എനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ട്. എന്റെ സഹതാരം കുബാർസിയും ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പുരസ്കാരം നേടാൻ അവൻ അർഹനാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അവൻ ഈ പുരസ്കാരം നേടിയിരുന്നെങ്കിൽ എനിക്ക് സന്തോഷമായേനെ. ഈ പുരസ്കാരം ഏറ്റുവാങ്ങാൻ ഞാൻ ഇവിടെ വരുന്നത് മൂന്നാം തവണയാണ്. അതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ്. എന്റെ ക്ലബ്ബിനും ദേശീയ ടീമിനും ഞാൻ നന്ദി പറയുന്നു. ഇനിയും മികച്ച പ്രകടനം നടത്തി ടീമിന് വേണ്ടിയും വ്യക്തിപരമായും കൂടുതൽ പുരസ്‌കാരങ്ങൾ നേടാനായി ഞാൻ കഠിനമായി പരിശ്രമിക്കും’ ലാമിൻ യമാൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണയുടെ പ്രതിരോധ നിരയിലെ നിറസാന്നിധ്യമായിരുന്നു കുബാർസി. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് വെറും 36 ഗോളുകൾക്കായിരുന്നു ബാഴ്സ വഴങ്ങിയത്. പ്രതിരോധത്തിലെ കുബാർസിയുടെ പങ്കും എടുത്തുപറയേണ്ടത്.
ലോകകപ്പിലും സ്‌പെയിനിന്റെ ഡിഫൻസിലെ വിശ്വസ്തനായ താരമായിരുന്നു കുബാർസി. ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്നും ഏഴ് ക്ലീൻ ഷീറ്റുകൾ നേടിയാണ് സ്പാനിഷ് പട ലോകകപ്പ് നേടിയത്. ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയതും കുബാർസിയായിരുന്നു.
കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതിൽ യമാൽ വഹിച്ച പങ്കും വളരെ വലുതായിരുന്നു. 28 മത്സരങ്ങളിൽ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാൽ നേടിയത്. രാജ്യാന്തര തലത്തിൽ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളിൽ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാൽ ഇതുവരെ നേടിയിട്ടുള്ളത്.
Content Highlight: Lamine Yamal talk Pau Cubarsi deserve 2026 kopa trophy