| Monday, 14th September 2026, 8:58 am

മെസിക്ക് ശേഷമാര്? ഉത്തരം യമാല്‍! ഇതിഹാസത്തിന്റെ നേട്ടത്തിലേക്ക് വീണ്ടും പറന്നിറങ്ങി വണ്ടര്‍ കിഡ്

ആദർശ് എം.കെ.

ലാ ലിഗയില്‍ ഗോളടിമേളം തുടര്‍ന്ന് നിലവിലെ ചാമ്പ്യന്‍മാരായ എഫ്.സി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം ലെവന്റെയെ അവരുടെ തട്ടകത്തിലെത്തി തോല്‍പ്പിച്ചാണ് കറ്റാലന്‍മാര്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

സിയാറ്റുറ്റ് ഡെ വലന്‍സിയയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്‌സയുടെ വിജയം.

ബാഴ്‌സയ്ക്കായി ലാമിന്‍ യമാല്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ സാവി എസ്പാര്‍ട്ടും കരീം അദേയിമിയും ഓരോ ഗോള്‍ വീതവും വലയിലെത്തിച്ചു. ഇവാന്‍ റൊമേറോ, റോജര്‍ ബ്രുഗു എന്നിവരാണ് ലെവന്റെയുടെ ഗോള്‍ വേട്ടക്കാര്‍.

ഈ ഇരട്ട ഗോളിന് പിന്നാലെ ലാമിന്‍ യമാല്‍ ഒരു ചരിത്രനേട്ടത്തിനും ഉടമയായി. ലയണല്‍ മെസിക്ക് ശേഷം ലാ ലിഗയിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ബാഴ്‌സലോണയ്ക്കായി ഇരട്ട ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്. 2012ലായിരുന്നു മെസിയുടെ നേട്ടം.

കഴിഞ്ഞ മൂന്ന് ലാ ലിഗ മത്സരങ്ങളിലാണ് യമാല്‍ ബാഴ്‌സയ്ക്കായി ബ്രേസ് നേടിയത് എന്നതും ശ്രദ്ധേയമാണ്.

Photo: FC Barcelona

സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ റയോ വയ്യകാനോയെ ബാഴ്‌സ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ റഫീന്യയ്‌ക്കൊപ്പം യമാലും ഇരട്ട ഗോളടിച്ചിരുന്നു. മത്സരത്തിന്റെ 21, 90 മിനിട്ടുകളിലായിരുന്നു താരത്തിന്റെ നേട്ടം.

ശേഷം വലന്‍സിയയെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തിയപ്പോഴും 6, 84 മിനിട്ടുകളില്‍ ഗോളുമായി യമാല്‍ കരുത്തുകാട്ടി. ഫെര്‍മിന്‍ ലോപസ്, റഫീന്യ, പെഡ്രി എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഇപ്പോള്‍ ലെവന്റെയ്‌ക്കെതിരെയും യമാല്‍ തന്റെ മാജിക് പുറത്തെടുത്തിരിക്കുകയാണ്.

മത്സരത്തിന്റെ 19ാം മിനിട്ടില്‍ ‘ക്രൈം പാര്‍ട്ണര്‍’ റഫീന്യയുടെ അസിസ്റ്റില്‍ ഗോള്‍ നേടിയ താരം 48ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.

അതേസമയം, ലാ ലിഗയിലെ അഞ്ചാം മത്സരത്തിലും വിജയിച്ച് 15 പോയിന്റുമായി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ബാഴ്‌സ. സീസണില്‍ ഇതുവരെ പരാജയമറിയാത്ത ഏക ടീമും ബാഴ്‌സയാണ്.

സെപ്റ്റംബര്‍ 17നാണ് ബാഴ്‌സ ലാ ലിഗയില്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ക്യാമ്പ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ റേസിങ് സാന്റാന്‍ഡറാണ് എതിരാളികള്‍. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി പത്താമതാണ് റേസിങ്.

Content highlight: Lamine Yamal scored a brace for the third consecutive La Liga match

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more