| Thursday, 17th July 2025, 2:04 pm

പത്താം നമ്പറില്‍ തന്റെ ലക്ഷ്യം വെളിപ്പെടുത്തി ലാമിന്‍ യമാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത സീസണ്‍ മുതല്‍ ബാഴ്‌സലോണയുടെ പത്താം നമ്പര്‍ ജേഴ്‌സിയില്‍ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍ കളത്തിലിറങ്ങും. നിരവധി ഇതിഹാസ താരങ്ങള്‍ ധരിച്ച പത്താം നമ്പര്‍ ജേഴ്‌സിയിലെത്തുമ്പോള്‍ ലാമിന്‍ യമാലിന് മേലുള്ള പ്രതീക്ഷകള്‍ ഏറെ വലുതാണ്.

പത്താം നമ്പര്‍ ജേഴ്‌സി സ്വീകരിച്ചതിന് പിന്നാലെ തന്റെ ലക്ഷ്യങ്ങളെ കുറിച്ച് യമാല്‍ സംസാരിച്ചിരുന്നു. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും കിരീടങ്ങള്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ലാമിന്‍ യമാല്‍ പറയുന്നത്.

‘പുതിയ സീസണില്‍ എന്റെ ലക്ഷ്യങ്ങള്‍? ചാമ്പ്യന്‍സ് ലീഗ് കീരടവും ലോകകപ്പും നേടുകയെന്നത് തന്നെ. ഇതാണ് എന്റെ രണ്ട് ലക്ഷ്യങ്ങള്‍,’ ലാമിന്‍ യമാല്‍ പറഞ്ഞു.

മെസിയെ പോലെ പത്താം നമ്പര്‍ കുപ്പായത്തില്‍ തന്റേതായ വഴി കണ്ടെത്താനാണ് തന്റെ ശ്രമമെന്നും യമാല്‍ കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയില്‍ നിന്നും കളിയടവ് പഠിച്ച യമാല്‍ കഴിഞ്ഞ സീസണില്‍ ലാലിഗ, സൂപ്പര്‍ കോപ്പ ഡി എസ്പാന, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ ബാഴ്സക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

2023ല്‍ പതിനഞ്ചാം വയസില്‍ ബാഴ്സ കുപ്പായത്തില്‍ അരങ്ങേറിയപ്പോള്‍ 41ാം നമ്പറിലാണ് താരം ആദ്യമായി കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ 27ാം നമ്പര്‍ ജേഴ്സിയില്‍ കളി തുടങ്ങിയ താരം വൈകാതെ മെസിയുടെ തുടക്കകാലത്തെ 19ാം നമ്പറിലേക്ക് മാറിയിരുന്നു. അടുത്ത സീസണ്‍ മുതലാണ് ലാമിന്‍ പത്താം നമ്പര്‍ ധരിക്കുക.

കഴിഞ്ഞ സീസണില്‍ കളത്തിലിറങ്ങിയ 55 മത്സരത്തില്‍ നിന്നും 18 ഗോളും 25 അസിസ്റ്റുമാണ് ലാമിന്‍ യമാല്‍ സ്വന്തമാക്കിയത്.

ലാമിന്‍ യമാലിന് മുമ്പ്, മെസി ക്ലബ്ബ് വിട്ടതിന് പിന്നാലെ മറ്റൊരു താരത്തിന് ബാഴ്‌സ തങ്ങളുടെ പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചിരുന്നു. അന്‍സു ഫാറ്റിയാണ് മെസിയുടെ പിന്‍ഗാമിയായി ബാഴ്‌സയില്‍ പത്താം നമ്പര്‍ ധരിച്ചത്.

ബാഴ്സയില്‍ മികച്ച പ്രകടനമാണ് അന്‍സു ഫാറ്റി പുറത്തെടുത്തിരുന്നത്. എന്നാല്‍ പരിക്കുകള്‍ വലച്ചതോടെ പല മത്സരങ്ങളും താരത്തിന് നഷ്ടമായി. അന്‍സു ഫാറ്റി അടുത്തിടെ ലോണ്‍ അടിസ്ഥാനത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിലേക്ക് മാറിയതോടെ ബാഴ്സയിലെ പത്താം നമ്പറും അനാഥമായി. ഇതോടെയാണ് പത്താം നമ്പര്‍ ലാമിന്‍ യമാലിലേക്കെത്തിയത്.

Content Highlight: Lamine Yamal reveals his goals for the new season

We use cookies to give you the best possible experience. Learn more