| Saturday, 19th September 2026, 2:57 pm

അദ്ദേഹം ഇത്രയും മികച്ച പ്രകടനം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല: യമാൽ

സുദേവ് എ

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ പ്രശംസിച്ച് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. 2026 ലോകകപ്പിലെ ഏറ്റവും മികച്ച താരം മെസിയാണെന്നാണ് യമാൽ പറഞ്ഞത്.

ഈ പ്രായത്തിൽ മെസി ഇത്ര മികച്ച പ്രകടനം നടത്തുമെന്ന് ആരും കരുതിയില്ലെന്നും സ്പാനിഷ് യുവതാരം വ്യക്തമാക്കി. മോവിസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യമാൽ.

‘എന്റെ അഭിപ്രായത്തിൽ, ലോകകപ്പിലെ ഏറ്റവും മികച്ച താരം മെസിയായിരുന്നു. മെസിയുടെ പ്രായത്തിൽ ഒരു താരത്തിന് ഇത്രയും മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസി എക്കാലത്തെയും മികച്ച താരമാണെന്ന് എല്ലാവർക്കും അറിയാം.

എന്നാൽ ലോകകപ്പിൽ ഇത്രയും മികച്ചതായി അദ്ദേഹം കളിക്കുമെന്ന് പലരും ചിന്തിച്ചിരുന്നില്ല. അർജന്റീനക്ക് മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാൽ പ്രധാന സമയങ്ങളിൽ മെസി എപ്പോഴും ടീമിനൊപ്പം ഉണ്ടായിരുന്നു,’ ലാമിൻ യമാൽ പറഞ്ഞു.

2026 ഫിഫ ലോകകപ്പിൽ മെസിയുടെ മികവിൽ ഫൈനൽ വരെ മുന്നേറാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരാട്ടത്തിൽ സ്പെയ്നിനോട് പരാജയപ്പെട്ട് അർജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോർക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ വീഴ്ത്തിയാണ് സ്‌പെയ്ൻ ചാമ്പ്യന്മാരായത്.

ലോകകപ്പിൽ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്.

ലോകകപ്പ് ചരിത്രത്തിൽ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾ വേട്ടക്കാരനായും മെസി മാറിയിരുന്നു.

അടുത്തിടെ മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

എന്നാൽ അവസാനമായി മെസി അർജന്റീനക്കൊപ്പം വിടവാങ്ങൽ മത്സരം കളിക്കും. സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസി ഇടം നേടിയിട്ടുണ്ട്.

ഒക്ടോബർ ആറിനാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബെനിൻ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ.

മെസിക്ക് വേണ്ടി രാജ്യത്തെ എല്ലാ ഒഫീഷ്യൽ മത്സരങ്ങളിലും ആദ്യ പകുതിയിൽ പത്താം മിനിറ്റിൽ കളി നിർത്തിവെക്കുകയൂം ഒരു മിനിട്ട് ആദരം നൽകണമെന്നും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഈ നിർദേശ പ്രകാരം അർജന്റൈൻ ക്ലബ്ബുകൾ മെസിക്ക് ആദരം നൽകുകയും ചെയ്തിരുന്നു.

കോപ്പ അർജന്റീനയിൽ ബൊക്ക ജൂനിയേർസ്‌വെലസ് സാർസ്ഫീൽഡും തമ്മിലുള്ള മത്സരം പത്താം മിനിട്ടിൽ നിർത്തിവെക്കുകയും താരങ്ങളും പരിശീലകരും ഗാലറിയിലെ ആരാധകരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മെസിക്ക് ആദരം നൽകിയിരുന്നത്.

Content Highlight: Lamine Yamal praises Lionel Messi performance in 2026 world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more