ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് (ബുധന്‍) നടന്ന മത്സരത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്കഫര്‍ട്ടിനെതിരെ ബാഴ്സലോണ മിന്നും വിജയം നേടിയിരുന്നു. ക്യാമ്പ് നൗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ റൈറ്റ് വിങ് ഡിഫന്റര്‍ ജുലെസ് കൗണ്ടെയുടെ ഇരട്ട ഗോളിലൂടെയാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. 50, 53 എന്നീ മിനിട്ടിലാണ് താരം എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ഐട്രാക്റ്റിന് വേണ്ടി ഏക ഗോള്‍ നേടിയത് അന്‍സ്ഗര്‍ നൗഫാണ്. 21ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.
അതേസമയം മത്സരത്തില്‍ ബാഴ്സയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് യുവ താരം ലാമിന്‍ യമാല്‍ കാഴ്ചവെച്ചത്. 53ാം മിനിട്ടിലെ ഗോളിനായി ജുലെസ് കൗണ്ടെയുടെ കാലുകളിലേക്ക് ബോള്‍ എത്തിച്ചുനല്‍കിയത് യമാലായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ലാമിന്‍ യമാല്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 18 വയസോ അതില്‍ താഴെയോ പ്രായമുള്ള കളിക്കാരില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടിയ താരമാകാനാണ് ലാമിന്‍ യമാലിന് സാധിച്ചത്. 13 ഗോളുകളായിരുന്നു ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെ നേടിയ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍. എന്നാല്‍ യമാല്‍ 14 അസിസ്റ്റ് ഗോളാണ് നേടിയത്.
അതേസമയം ബാഴ്‌സയ്ക്ക് വേണ്ടി 33 ഗോളുകളാണ് യമാല്‍ സ്വന്തമാക്കിയത്. 2024-25 സീസണില്‍ 18 ഗോള്‍ നേടിയ താരം നിലവില്‍ 2025-26 സീസണില്‍ എട്ട് ഗോളുകളാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
മത്സരത്തില്‍ എല്ലാ മേഖലയിലും മികവ് പ്രകടിപ്പിച്ചത് ബാഴ്‌സയായിരുന്നു. 16 ഷോട്ടുകളാണ് ബാഴ്‌സ എതിരാൡളുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. കൂടുതല്‍ പാസുകള്‍ നല്‍കുന്നതിലും ബോള്‍ കൈവശം വെക്കുന്നതിലും മുന്നില്‍ ബാഴ്‌സയായിരുന്നു.
Content Highlight: Lamine Yamal In Surpass Kylian Mbappe In Champions League