യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സലോണ. സ്വന്തം തട്ടകമായ കാംപ് നൗവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. റാഫിഞ്ഞയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് കാറ്റാലന്‍ പടയുടെ വിജയം വിജയം.
ബാഴ്‌സയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് സൂപ്പര്‍ താരം ലാമിന്‍ യമാലായിരുന്നു. മത്സരം തുടങ്ങി ഏഴാം മിനിട്ടിലായിരുന്നു യമാലിന്റെ ഗോള്‍ പിറന്നത്. ആസ്റ്റണ്‍ വില്ലയുടെ ബോക്‌സിനകത്ത് നിന്ന് ലഭിച്ച മിസ് പാസില്‍ നിന്ന് എതിരാളിയുടെ വല തുളച്ചു കയറ്റുകായിരുന്നു യമാല്‍.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും യമാലിന് സാധിച്ചിരിക്കുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കൗമാരക്കാരനാകാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ മറികടന്നാണ് യമാല്‍ ഒന്നാമനായത്. 20ാം വയസിലോ അതിന് മുമ്പോ 13 യു.സി.എല്‍ ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയത്.
പി.എസ്.ജിയില്‍ നിന്നായിരുന്നു എംബാപ്പെ ഇത്രയും ഗോളുകള്‍ നേടിയത്. എന്നാല്‍ ബാഴ്‌സ സൂപ്പര്‍ താരം യമാല്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ സ്‌കോര്‍ ചെയ്തതോടെ 14 ഗോളുകളാണ് യു.സി.എല്ലില്‍ കുറിച്ചത്. ഇതോടെ എംബാപ്പെയുടെ യു.സി.എല്‍ ആധിപത്യത്തിന് വിരാമം കുറിച്ചിരിക്കുകയാണ് യമാല്‍.
മത്സരത്തില്‍ ആദ്യ പകുതിയില്‍ യമാലിന്റെ ഗോളിന്റെ ലീഡില്‍ അവസാനിച്ചെങ്കിലും 52ാം മിനിട്ടില്‍ റാഫിഞ്ഞയുടെ ഗോളിലൂടെ ബാഴ്‌സ വീണ്ടും ലീഡ് ഉയര്‍ത്തി. പിന്നീട് 64ാം മിനിട്ടിലും റാഫിഞ്ഞ ഗോള്‍ സ്വന്തമാക്കി.
അതേസമയം മത്സരത്തില്‍ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ആസ്റ്റണ്‍ വില്ലയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ ബാഴ്‌സയുടെ ഡിഫന്‍സിന് സാധിച്ചിരുന്നു. മത്സരത്തില്‍ ഏതാണ്ട് പൂര്‍ണമായും ബാഴ്‌സ തന്നെയായിരുന്നു മുന്നേറിയിരുന്നത്. 15 ഷോട്ടുകളില്‍ ഏഴെണ്ണം ബാഴ്‌സ ഓണ്‍ ടാര്‍ഗറ്റിലേക്ക് ലക്ഷ്യം വെച്ചിരുന്നു.
എന്നാല്‍ എട്ട് ഷോട്ടില്‍ ഒന്ന് മാത്രമാണ് ആസ്റ്റണ്‍ വില്ലയ്ക്ക് ടാര്‍ഗറ്റിലേക്ക് ഉന്നംവെക്കാന്‍ സാധിച്ചത്. പാസിങ്ങിലും ബോള്‍ കൈവശംവെക്കുന്നതിലും ബാഴ്‌സ തന്നെയായിരുന്നു മുന്നില്‍. ഇതോടെ പോയിന്റ് പട്ടികയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒമ്പത് പോയിന്റും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ഒന്നാം സ്ഥാനത്ത് നാല് മത്സരങ്ങളിലും വിജയിച്ച് 12 പോയിന്റ് നേടിയ പി.എസ്.ജിയാണുള്ളത്.
Content Highlight: Lamine Yamal In Great Record Achievement In UEFA Champions League