| Monday, 9th November 2026, 5:21 pm

ഏഴഴകിൽ തിളങ്ങി യമാൽ; 18 വർഷങ്ങൾക്ക് ശേഷം ഇതിഹാസത്തിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയിലെ കരുത്തരുടെ പോരാട്ടത്തിൽ അത്‌ലെറ്റികോ മാഡ്രിഡിനെതിരെ തകർപ്പൻ വിജയം ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. അത്‌ലെറ്റികോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊളിറ്റാനോയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ വിജയം. ഒരു ഗോളിന് പുറകിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ബാഴ്സലോണ മത്സരം സ്വന്തമാക്കിയത്.

ഫെർമിൻ ലോപസിന്റെ ഇരട്ടഗോൾ മികവിലാണ് സന്ദർശകർ തിരിച്ച് വരവ് നടത്തിയത്. മത്സരത്തിൽ ബാഴ്സലോണയ്ക്ക് വേണ്ടി യുവതാരം ലാമിൻ യമാൽ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. മത്സരത്തിൽ കറ്റാലൻമാർക്ക് വേണ്ടി ഏഴ് ഗോൾ അവസരങ്ങളാണ് താരം സൃഷ്ടിച്ചത്.

2008ന് ശേഷം ഇതാദ്യമായാണ് ലാ ലിഗയിൽ അത്‌ലെറ്റികോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ ഒരു താരം ഇത്രയധികം ഗോൾ അവസരങ്ങൾ സ്വന്തമാക്കുന്നത്. ഇതിനുമുമ്പ് സ്പാനിഷ് ഇതിഹാസം സാവി ആയിരുന്നു അത്‌ലറ്റികോക്കെതിരെ ഏഴ് ഗോൾ അവസരങ്ങൾ സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ സാവിയുടെ ഈ നേട്ടം 18 വർഷങ്ങൾക്ക് ശേഷം അവർത്തിച്ചിരിക്കുകയാണ് സ്പാനിഷ് താരം.

അതേസമയം മത്സരം തുടങ്ങി പത്താം മിനിട്ടിൽ തന്നെ അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ലീഡ് നേടി. മാർക്കോസ് ലോറെന്റെ നൽകിയ പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ ജൂലിയൻ അൽവാരസ് പെനാൽറ്റി ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി ജൂലിയാനോ സിമിയോണി വലയിലെത്തിച്ചു.

എന്നാൽ ആദ്യപകുതിയുടെ അവസാനമിനിട്ടിലാണ് ഫെർമിൻ ലോപസിലൂടെ ബാഴ്‌സലോണയുടെ മറുപടി ഗോൾ വന്നത്. മിഡ്ഫീൽഡിൽ അത്‌ലെറ്റിക്കോ താരങ്ങളെ മറികടന്ന് പന്തുമായി മുന്നേറിയ പെഡ്രി ബോക്‌സിന് പുറത്ത് വെച്ച് നൽകിയ പാസിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയിൽ 66ാം മിനിട്ടിൽ പെഡ്രി നൽകിയ പന്തുമായി വലത് വിങ്ങിലൂടെ യമാൽ നൽകിയ പാസിൽ കൃത്യമായി കാലുവെച്ച് ഫെർമിൻ ലോപസ് ബാഴ്സലോണയ്ക്ക് വേണ്ടി വിജയ ഗോളും സ്വന്തമാക്കി. പിന്നീട് ബാഴ്സലോണ പ്രതിരോധം കൂടുതൽ ശക്തമാക്കിയതോടെ അത്‌ലറ്റിക്കോ സ്വന്തം മണ്ണിൽ തോൽവി സമ്മതിക്കുകയായിരുന്നു.

ഈ തകർപ്പൻ വിജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ശക്തമായ ആധിപത്യം തുടരാനും ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന് സാധിച്ചു. 12 മത്സരങ്ങളിൽ നിന്നും 11 വിജയവും ഒരു തോൽവിയും അടക്കം 33 പോയിന്റാണ് ബാഴ്സലോണയുടെ അക്കൗണ്ടിലുള്ളത്.

മറുഭാഗത്ത് ഈ മത്സരം പരാജയപ്പെട്ടതോടെ അത്‌ലെറ്റിക്കോ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിന് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് അത്‌ലെറ്റിക്കോ.

സ്പാനിഷ് ലീഗിൽ നവംബർ 22നാണ് കറ്റാലന്മാർ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിൽ വിയ്യാറയലാണ് എതിരാളികൾ. അത്‌ലെറ്റികോ മാഡ്രിഡ് നവംബർ 23ന് നടക്കുന്ന മത്സരത്തിൽ ഗെറ്റാഫയെയും നേരിടും.

Content Highlight: Lamine Yamal create huge record against Athletico Madrid in La Liga

We use cookies to give you the best possible experience. Learn more