| Wednesday, 2nd September 2026, 10:00 am

മെസിക്ക് മുമ്പേ ചരിത്രമെഴുതി യമാല്‍; ലാ ലിഗ കീഴടക്കി ബാഴ്‌സ താരം

സുദേവ് എ

2025-26 സ്പാനിഷ് ലീഗ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയ്ക്ക് വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് താരത്തെ തേടി ഈ നേട്ടമെത്തിയത്.

ലാ ലിഗയുടെ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍. തന്റെ 19ാം വയസിലാണ് യമാലിന്റെ ഈ ചരിത്രനേട്ടം.

ബാഴ്സലോണയില്‍ കളിച്ച പല ഇതിഹാസങ്ങള്‍ക്കും മുമ്പ് തന്നെയാണ് യമാല്‍ ഈ നേട്ടം കൈവരിച്ചതെന്നും ശ്രദ്ധേയമാണ്. ഇതിഹാസ താരം ലയണല്‍ മെസിക്ക് പോലും മുമ്പേയാണ് തന്നെ ലാ ലിഗ കീഴടക്കിയിരിക്കുകയാണ് യമാല്‍. മെസി ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത് 22ാം വയസിലായിരുന്നു.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്സയെ ലാ ലിഗ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഈ സീസണിലും താരം മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. റയോ വല്ലോകാനോയ്ക്കെതിരായ മൂന്നാം മത്സരത്തിലായിരുന്നു യമാല്‍ ഇരട്ട ഗോള്‍ നേടി തിളങ്ങിയത്. ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടവും സ്പാനിഷ് യുവതാരം സ്വന്തമാക്കി.

ബാഴ്സലോണക്കായി 50 ഗോളുകള്‍ സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. യൂറോപ്പിലെ ടോപ്പ് 5 ലീഗിന്റെ (പ്രീമിയര്‍ ലീഗ്, ലാ ലിഗ, ബുണ്ടസ് ലീഗ്, ലീഗ് വണ്‍, സീരി എ) ചരിത്രത്തില്‍ 50 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യമാല്‍ തന്നെയാണ്.

19 വയസും 49 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ 50 ഗോള്‍ നേട്ടം. 2023ല്‍ ഗ്രനഡയ്ക്കെതിരായ ആദ്യ ഗോള്‍ നേട്ടത്തിന് ശേഷം, മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് യമാല്‍ 50ാം ഗോളും വലയിലെത്തിച്ചത്.

ഈ റെക്കോഡില്‍ റയലിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ ഗോളടിയന്ത്രം എര്‍ലിങ് ഹാലണ്ടിനെയും മറികടന്നാണ് യമാലിന്റെ നേട്ടം.

അതേസമയം നിലവില്‍ ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ബാഴ്‌സയ്ക്ക് സാധിച്ചു. മൂന്ന് മത്സരവും ജയിച്ചുകൊണ്ട് ഒമ്പത് പോയിന്റോടെയാണ് ബാഴ്സ ഒന്നാം സ്ഥാനത്തുള്ളത്. സെപ്റ്റംബര്‍ ആറിനാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. വലന്‍സിയയാണ് എതിരാളികള്‍.

Content Highlight: Lamine Yamal create a historical record in La Liga

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more