2026 ഫിഫ ലോകകപ്പില്‍ സ്‌പെയ്ന്‍ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയ്ന്‍ ആധികാരിക വിജയം കൈവരിച്ചത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കയിലെ കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെയോട് സമനിലയില്‍ കുടുങ്ങിയിരുന്നു. ഈ മത്സരത്തില്‍ സൗദിയെ ഗോള്‍ മഴയില്‍ മുക്കി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിലവിലെ യൂറോ ചാമ്പ്യന്മാര്‍.
അറ്റ്ലാന്‍ഡയില്‍ നടന്ന മത്സരത്തില്‍ യുവതാരം ലാമിന്‍ യമാലിന്റെ മിന്നും ഫോമിന് കൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ സ്‌പെയിന്റെ ആദ്യ ഗോള്‍ നേടിയതും യമാലാണ്. പത്താം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഈ ഗോളിന് പിന്നാലെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലും യമാല്‍ ഇടം നേടി. 18 വയസും 343 ദിവസവും പ്രായം ഉള്ളപ്പോളാണ് യമാലിന്റെ ഗോള്‍ നേട്ടം.
ലാമിൻ യമാൽ
ഗോള്‍ നേടിയ പ്രായത്തിന്റെ കണക്കില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും യമാല്‍ മറികടന്നു. 18 വയസും 357 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മെസി ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്. മെസിയെക്കാള്‍ വെറും 14 ദിവസം മാത്രം വ്യത്യസത്തിലാണ് യമാല്‍ മുന്നിലെത്തിയത്.
ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് യമാല്‍ ഇടം നേടിയത്. ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത് ബ്രസീലിയന്‍ ഇതിഹാസം പേലെയാണ്. 17 വയസും 239 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു പെലെയുടെ ഗോള്‍ നേട്ടം.
പെലെ-ബ്രസീല്‍-17 വയസും 239 ദിവസവും
മാനുവല്‍ റോസസ്-മെക്‌സിക്കോ-18 വയസും 93 ദിവസവും
ഗാവി-സ്പെയ്ന്‍- 18 വയസും 110 ദിവസവും
മൈക്കല്‍ ഓവന്‍-ഇംഗ്ലണ്ട്-18 വയസും 190 ദിവസവും
നിക്കോളാസ് കൊവാസിസ്-റൊമാനിയ-18 വയസും 197 ദിവസവും
ഡിമിത്രി സൈച്ചേവ്-റഷ്യ-18 വയസും 231 ദിവസവും
ലാമിന്‍ യമാല്‍-സ്പെയ്ന്‍-18 വയസും 343 ദിവസവും
ലയണല്‍ മെസി-അര്‍ജന്റീന-18 വയസും 357 ദിവസവും
അതേസമയം മത്സരത്തില്‍ യമാലിന് പുറമെ മൈക്കല്‍ ഒയര്‍സബല്‍ ഇരട്ട ഗോള്‍ നേടിയും തിളങ്ങി. രണ്ടാം പകുതിയില്‍ ഹസന്‍ അല്‍തംബക്തിയുടെ ഓണ്‍ ഗോളും സൗദിക്ക് തിരിച്ചടിയായി.
ജൂണ്‍ 27നാണ് സ്പാനിഷ് പട അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഉറുഗ്വേയാണ് സ്‌പെയിനിന്റെ എതിരാളികള്‍.
Content Highlight: Lamine Yamal break Lionel Messi record in world cup history