| Wednesday, 2nd September 2026, 2:27 pm

മെസിയും 91 വര്‍ഷത്തെ റെക്കോഡും ഒരുമിച്ച് വീണു; ചരിത്രമെഴുതി യമാല്‍

സുദേവ് എ

ബാഴ്‌സലോണക്കൊപ്പം ചരിത്രം കുറിച്ച് സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. കറ്റാലന്മാര്‍ക്ക് വേണ്ടി 50 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് യമാല്‍ പുതിയ നേട്ടം കൈവരിച്ചത്. ഈ സീസണിലെ മൂന്നാം മത്സരത്തില്‍ റയോ വല്ലോകാനോയ്‌ക്കെതിരെ ഇരട്ട ഗോള്‍ നേടിയാണ് താരം ഈ മൈല്‍സ്റ്റണിലേക്ക് നടന്നുകയറിയത്.

2023ല്‍ ബാഴ്‌സയില്‍ അരങ്ങേറ്റം കുറിച്ച യമാല്‍ വെറും മൂന്ന് വര്‍ഷത്തിനിടെയാണ് ബാഴ്‌സയുടെ ചരിത്രത്തില്‍ ഇടം നേടിയത്. യമാലിന്റെ ഗോള്‍ വേട്ടയില്‍ 91 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡാണ് തകര്‍ന്ന് വീണത്. ബാഴ്സലോണയ്ക്ക് വേണ്ടി 50 ഗോളുകള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് യമാല്‍ മാറിയത്. 19 വയസും 49 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം.

1935ല്‍ ജോസെപ് എസ്‌കോള നേടിയ റെക്കോഡ് തകര്‍ത്തായിരുന്നു സ്പാനിഷ് താരത്തിന്റെ കുതിപ്പ്. എസ്‌കോള 20 വയസും 356 ദിവസവും പ്രായമുള്ളപ്പോള്‍ ആയിരുന്നു ബാഴ്‌സക്ക് വേണ്ടി 50 ഗോളുകള്‍ നേടിയത്.

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയായിരുന്നു ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. 2008ലായിരുന്നു മെസിയുടെ 50 ഗോള്‍ നേട്ടം. 21 വയസും 121 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മെസി ഈ ചരിത്ര റെക്കോഡ് തന്റെ പേരിലാക്കി മാറ്റിയിരുന്നത്. ഇപ്പോള്‍ യമാല്‍ 91 വര്‍ഷത്തെ റെക്കോഡും തകര്‍ത്തുകൊണ്ട് മെസിയെയും മറികടന്ന് ബാഴ്‌സയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ചിരിക്കുകയാണ്.

അതേസമയം 2025-26 സ്പാനിഷ് ലീഗ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനും യമാലിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് താരത്തെ തേടി ഈ നേട്ടമെത്തിയത്. ലാ ലിഗയുടെ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും ബാഴ്സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്‌സയെ ലാ ലിഗ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഇത്തവണ ലാ ലിഗയില്‍ ഹാട്രിക് കിരീടം ലക്ഷ്യം വെക്കുന്ന ബാഴ്‌സലോണയുടെ മുന്നേറ്റത്തിലും യമാലിന്റെ പ്രകടനങ്ങള്‍ ഏറെ നിര്‍ണായകമാവുമെന്നുറപ്പാണ്.

Content Highlight: Lamine Yamal break 91 year old record for Barcelona

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more