| Friday, 16th October 2026, 8:35 am

ഇത്തവണയില്ല; ഭാവിയില്‍ ബാലണ്‍ ഡി ഓര്‍ അവന്‍ ഭരിക്കും, ഒരിക്കല്‍ നേടിയാല്‍ നേടിക്കൊണ്ടേയിരിക്കും: മുന്‍ ജേതാവ് ജീന്‍ പിയറി പാപ്പിന്‍

ആദർശ് എം.കെ.

ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാലിന് ഭാവിയില്‍ ബാലണ്‍ ഡി ഓര്‍ വേദി അടക്കി വാഴാന്‍ സാധിക്കുമെന്ന നിരീക്ഷണവുമായി മുന്‍ ഫ്രാന്‍സ് സൂപ്പര്‍ താരവും ബാലണ്‍ ഡി ഓര്‍ ജേതാവുമായിരുന്ന ജീന്‍ പിയറി പാപ്പിന്‍.

ഒരിക്കല്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടാല്‍ തുടര്‍ച്ചയായി ഈ നേട്ടം നിലനിര്‍ത്താന്‍ യമാലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഇതിഹാസത്തെ ഉദ്ധരിച്ച് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജീന്‍ പിയറി പാപ്പിന്‍. Photo: Ballon d’or

‘ലാമിന്‍ യമാലിന്റെ കളിയില്‍ അവിശ്വസനീയമായ പക്വതയുണ്ട്. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ആരും ഈ നിലവാരത്തില്‍ കളിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല. ഭാവിയില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവരില്‍ ഒരാളാണ് അദ്ദേഹം.

ഒരിക്കല്‍ അദ്ദേഹം ബാലണ്‍ ഡി ഓര്‍ വിജയിച്ചുകഴിഞ്ഞാല്‍, പിന്നീട് ആ കിരീടം ആര്‍ക്കും വിട്ടുകൊടുക്കാതെ വര്‍ഷങ്ങളോളം അദ്ദേഹം അത് സ്വന്തം കൈകളില്‍ തന്നെ നിലനിര്‍ത്തും. അത്രയധികം പ്രതിഭയും സ്ഥിരതയും ആ കുട്ടിയിലുണ്ട്,’ അദ്ദേഹം പറഞ്ഞു.

ലാമിന്‍ യമാല്‍. Photo: FC Barcelona

എന്നാല്‍ ഇത്തവണ ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ഗോളടിയന്ത്രം ഹാരി കെയ്ന്‍ ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളം കൈയിലേറ്റുവാങ്ങുമെന്നും പാപ്പിന്‍ കൂട്ടിച്ചേര്‍ത്തു.

‘യമാലിന് സാധ്യതയുണ്ട്. എന്നാല്‍ ഇത്തവണ ഞാന്‍ പരിഗണിക്കുന്നത് ഹാരി കെയ്‌നിനെയാണ്,’

ഹാരി കെയ്ന്‍

ഇത്തവണ പുരസ്‌കാര നേട്ടത്തിന് ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് ലാമിന്‍ യമാല്‍. ബാഴ്‌സയ്‌ക്കൊപ്പം ലീഗ് കിരീടമടക്കമുള്ള ട്രോഫികളേറ്റുവാങ്ങിയ 19കാരന്‍ ഇത്തവണ സ്‌പെയ്‌നിനൊപ്പം ഫിഫ ലോകകപ്പിലും മുത്തമിട്ടിരുന്നു.

ഒരുപക്ഷേ 2026ലെ ബാലണ്‍ ഡി ഓര്‍ ലാമിന്‍ യമാലിന്റെ കൈകളിലെത്തുകയാണെങ്കില്‍ പുരസ്‌കാരത്തില്‍ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാല്‍ മാറും. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയെ മറികടന്നാകും താരം ഈ റെക്കോഡിലെത്തുക.

അതേസമയം, ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹതയുണ്ടെന്ന് ലാമിന്‍ യമാല്‍ പറഞ്ഞിരുന്നു.

ലാമിന്‍ യമാല്‍. Photo: FC Barcelona

മോവിസ്റ്റാര്‍ പ്ലസ് ഡിപോര്‍ട്ടസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്ന ആര്‍ക്കും ഒരു കാര്യം വ്യക്തമാണ്; ഞാനും കിലിയന്‍ എംബാപ്പെയുമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍. എന്നാല്‍ ഈ വര്‍ഷം സ്വന്തമാക്കിയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ അര്‍ഹത എനിക്കാണ്,’ യമാല്‍ പറഞ്ഞു.

Content highlight: Lamine Yamal backed to dominate Ballon d’Or in the future by former winner Jean Pierre Papin

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more