| Saturday, 13th April 2019, 10:07 pm

മേരേ പ്യാരേ... മോദിയുടെ പ്രസംഗത്തിന്റെ ഡബ്‌സ്മാഷ് വീഡിയോയുമായി ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് 15 ലക്ഷം വാഗ്ദാനം ചെയ്യുന്ന മോദിയുടെ 2014ലെ പ്രസംഗത്തിന്റെ ഡബ്‌സ്മാഷ് വീഡിയോയുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. റാഞ്ചിയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് 17 സെക്കന്റുള്ള ലാലുവിന്റെ ഡബ്‌സ്മാഷ് വീഡിയോ.

മേരേ പ്യാരേ ഭായിയോം ഓര്‍ ബെഹനോം.. എന്ന് തുടങ്ങുന്ന വീഡിയോയില്‍ മോദി അച്ഛേദിന്‍ പ്രസംഗത്തിനും ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് 15-20 ലക്ഷം കൊടുക്കുമെന്ന് പറയുന്നതിനുമാണ് ലാലു ചുണ്ടനക്കുന്നത്. ഇതൊരു ജുംലയാണെന്ന് പറഞ്ഞു കൊണ്ടാണ് ഡബ്‌സ്മാഷ് അവസാനിക്കുന്നത്.

കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പറയുന്ന കൂട്ടത്തിലാണ് 2014 ല്‍ മോദി രാജ്യത്തുള്ളവരുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം എത്തിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ മോദിയൊഴികെയുള്ള ബി.ജെ.പി നേതാക്കള്‍ ബി.ജെ.പി അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് വാദിക്കുന്നതിനിടയിലാണ് ലാലുവിന്റെ ഡബ്‌സ്മാഷ് വന്നിരിക്കുന്നത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കഴിഞ്ഞ എട്ടു മാസമായി റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ലാലു പ്രസാദ് യാദവ്.

Latest Stories

We use cookies to give you the best possible experience. Learn more