| Wednesday, 1st October 2025, 11:56 am

ആര്‍.സി.ബി വില്‍പനയ്ക്ക്? സൂചന നല്‍കി ലളിത് മോദി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നും 2025 സീസണിലെ ജേതാക്കളുമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓഹരികള്‍ വില്‍ക്കുന്നവെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉടമകള്‍ ടീം ഉടന്‍ വില്‍ക്കുവെന്ന സൂചന നല്‍കിയത് മുന്‍ ഐ.പി.എല്‍ ചെയര്‍മാനായ ലളിത് മോദിയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും എക്സിലും പങ്കുവെച്ച ഒരു പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. മുമ്പ് ടീമിന് ഓഫര്‍ ലഭിച്ചിരുന്നെങ്കിലും അതെല്ലാം നിരസിച്ചിരുന്നുവെന്നും ഇപ്പോള്‍ ഉടമകള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മുമ്പ് ലഭിച്ച ഓഫറുകള്‍ എല്ലാം ഉടമകള്‍ നിരസിക്കുകയാണ് ചെയ്തത്. പക്ഷേ, അവര്‍ ഇപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി തോന്നുന്നു,’ ലളിത് മോദി പറഞ്ഞു.

ആഗോള നിക്ഷേപകര്‍ ആര്‍.സി.ബി യെ സ്വന്തമാക്കിയേക്കുമെന്ന സൂചനയും ലളിത് മോദി തന്റെ പോസ്റ്റിലൂടെ നല്‍കി. ടീം വില്‍ക്കുകയാണെങ്കില്‍ അത് ഐ.പി.എല്ലില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലളിത് മോദിയുടെ പോസ്റ്റിന് പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവല്ല ഫ്രാഞ്ചൈസി വാങ്ങിയേക്കുമെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ, ആര്‍.സി.ബി വില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജൂണില്‍ നിലവിലെ ഉടമകളായ ഡിയാജിയോ ടീമിന്റെ ഓഹരികള്‍ പൂര്‍ണമായോ ഭാഗികമായോ വില്‍ക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്ത് വന്നിരുന്നത്.

പിന്നാലെ ഡിയാജിയോ ഇത് നിരസിച്ച് അന്ന് തന്നെ രംഗത്ത് വന്നിരുന്നു. ഓഹരി വില്‍ക്കുകയെന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുകയാണ് എന്നാണ് അന്ന് അവര്‍ പ്രതികരിച്ചത്.

എന്നാല്‍, പുതിയ റിപ്പോര്‍ട്ടില്‍ ഡിയാജിയോ പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Lalith Modi sparks speculation on RCB sale saying owners finally decided to sell

We use cookies to give you the best possible experience. Learn more