ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിവാദമാണ് മലയാളി താരം ശ്രീശാന്തും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും തമ്മില്‍ നടന്ന പോര്. 2008 സീസണിലായിരുന്നു ഈ സംഭവം നടന്നത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും തമ്മില്‍ നടന്ന മത്സരത്തില്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിച്ചു എന്നായിരുന്നു വിവാദം.
മത്സരത്തിന് ശേഷം ശ്രീശാന്ത് ഷെയ്ക്ക് ഹാന്‍ഡിന് ശ്രമിക്കുന്നതിനിടെ മുഖത്ത് അടിച്ചാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്. മലയാളി താരം കരഞ്ഞാണ് അന്ന് ക്രീസ് വിട്ടത്. ഈ സംഭവത്തില്‍ ഹര്‍ഭജനെ ഐ.പി.എല്‍ മാനേജ്‌മെന്റ് ശിക്ഷിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ 11 മത്സരങ്ങളില്‍ നിന്ന് വിലക്കാണ് താരം നേരിട്ടത്.
ഇപ്പോള്‍, ഈ സംഭവത്തിന്റെ ഒരു വീഡിയോ ഐ.പി.എല്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായിരുന്ന ലളിത് മോദി പുറത്ത് വിട്ടിരിക്കുകയാണ്. ‘ആരും കാണാത്ത വിഡിയോയെന്ന്’ വിശേഷിപ്പിച്ചാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കുമായുള്ള ബീയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പരസ്യമാക്കിയത്.
‘മത്സരം അവസാനിച്ചിരുന്നു. ക്യാമറകള്‍ എല്ലാം ഓഫായിരുന്നു. എന്നാലും ഒരു സെക്യൂരിറ്റി ക്യാമറ മാത്രം പ്രവര്‍ത്തിച്ചിരുന്നു. അത് ശ്രീശാന്തും ഹര്‍ഭജനും തമ്മില്‍ നടന്ന തല്ല് ഒപ്പിയെടുത്തു. ശ്രീശാന്തിനെ ഹര്‍ഭജന്‍ പുറം കൈ കൊണ്ട് അടിച്ചു. അത് ഞാന്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. അതിനായി 18 വര്‍ഷമെടുത്തു ,’ ലളിത് മോദി പറഞ്ഞു.
ലളിത് മോദി പുറത്ത് വിട്ട വീഡിയോയില്‍ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹര്‍ഭജന്‍ പുറം കൈകൊണ്ട് ശ്രീശാന്തിന്റെ മുഖത്ത് അടിക്കുന്നത് വ്യക്തമായി കാണാം. ഇതിന്റെ ഞെട്ടലില്‍ ശ്രീശാന്ത് തരിച്ചിരിക്കുന്നുണ്ട്. പിന്നീട് ഹര്‍ഭജന് നേരെ പഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന താരത്തെയും ഹര്‍ഭജനെയും മുംബൈ ഇന്ത്യന്‍സ് താരങ്ങളും പഞ്ചാബ് കിങ്സ് താരങ്ങളും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും കാണാം.
അതേസമയം, ഈ വിവാദങ്ങളില്‍ ഹര്‍ഭജന്‍ സിങ് അടുത്തിടെ ഖേദം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും കാര്യം തിരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ ശ്രീശാന്തുമായുള്ള പ്രശ്‌നം ഇല്ലാതാക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: Lalith Modi revealed a unseen video of Harbhajan Singh slapping Sreeshanth in IPL 2008