തൃശൂര്‍: തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിലെ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വില്‍ക്കുകയായിരുന്നു എന്നാണ് ലാലി ജെയിംസ് ആരോപിക്കുന്നത്.
നിയുക്ത മേയര്‍ നിജി ജസ്റ്റിനും പങ്കാളിയും പണവുമായി എ.ഐ.സി.സി നേതൃത്വത്തെ കണ്ടെന്നും പണമില്ലാത്തതിന്റെ പേരിലാണ് പാര്‍ട്ടി തന്നെ തഴഞ്ഞതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
‘പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ കണ്ടിരുന്നു. പണമില്ലാത്തതിന്റെ പേരിലാണ് പാര്‍ട്ടി തന്നെ തഴഞ്ഞത്.
കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വര്‍ഷമെങ്കിലും മേയര്‍ ആക്കുമോ എന്ന് താന്‍ ചോദിച്ചു. ഇടയ്ക്ക് ഒരു വര്‍ഷം നല്‍കാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട,’ ലാലി ജെയിംസ് പറഞ്ഞു.
ഇതുവരെയും പാര്‍ട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ലാലി ജെയിംസ് കൂട്ടിച്ചേര്‍ത്തു.
നാല് തവണ ലാലി ജെയിംസ് കൗണ്‍സിലറായിട്ടുണ്ട്.
അതേസമയം, ഈ വിഷയത്തില്‍ ലാലി ജെയിംസിനുള്ള മറുപടി പാര്‍ട്ടി മറുപടി നല്‍കുമെന്നാണ് നിയുക്ത മേയര്‍ നിജി ജസ്റ്റിന്‍ പറഞ്ഞത്. തൃശൂര്‍ നഗരത്തെ സ്ത്രീ-വയോജന സൗഹൃദമാക്കുന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നിജി ജസ്റ്റിനെ തെരഞ്ഞെടുത്തത്. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദാണ് ഡെപ്യൂട്ടി മേയര്‍.
Content Highlight: Lali James expresses dissatisfaction over losing the Thrissur mayoral election.