തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ, നിർമാതാവ് എന്നീ നിലകളിൽ മലയാളസിനിമയിൽ തന്റെ അടയാളം പതിപ്പിച്ച വ്യക്തിയാണ് ലാൽ. സംവിധായകൻ സിദ്ധീഖുമായുള്ള സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.
മിമിക്രിയിൽ നിന്നും സിനിമയിലേക്കെത്തിയ ലാൽ തന്റെ വേറിട്ട ശബ്ദം കൊണ്ടും വ്യത്യസ്തനാണ്. ശബ്ദത്തിന്റെ പേരിൽ നിരവധി ട്രോളുകൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നാൽ ആ ശബ്ദത്തിന്റെ ഉടമയാണ് മലയാള സിനിമ വളരാൻ കാരണമായ ലാൽ മീഡിയ എന്ന റെക്കോർഡിങ് സ്റ്റുഡിയോ ആരംഭിച്ചതും. ഇപ്പോൾ ആ സ്റ്റുഡിയോ ആരംഭിച്ചതിനെക്കുറിച്ചും അതിലെ ഡബ്ബിങ് ഓർമകളെക്കുറിച്ചും പങ്കുവെക്കുകയാണ് ലാൽ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാൽ.സിദ്ധീഖ്. Photo: Wikipedia
ലാൽ സ്റ്റുഡിയോ ആരംഭിച്ചത് എങ്ങനെയെന്ന് ലാൽ ഓർത്തെടുക്കുന്നു.
‘നോക്കെത്താദൂരത്ത്’ എന്ന സിനിമയിലാണ് ഞാനും സിദ്ധീഖും ആദ്യമായിട്ട് അസിസ്റ്റന്റ്സ് ആയിട്ട് ജോയിൻ ചെയ്തത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് അതിന്റെ ഡബ്ബിങ് നടന്നത്. അന്നൊക്കെ ചിത്രാഞ്ജലി സ്റ്റുഡിയോ എന്ന് പറഞ്ഞാൽ ഭയങ്കര ബിസിയാണ്. രാവിലെ ഒരു ടീം വന്നു റെക്കോർഡ് ചെയ്യുന്നുണ്ടായിരിക്കും. അവർ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും മറ്റും പുറത്തുപോകുന്ന ഇടവേളയിൽ ഒരു അരമണിക്കൂറിൽ ഞങ്ങൾ ഡബ്ബ് ചെയ്യും.
വീണ്ടും അവർ കയറും, വീണ്ടും ഉച്ചയ്ക്ക് ഞങ്ങളാണ് കയറുന്നത്. അങ്ങനെ പലപ്പോഴായാണ് സമയം കിട്ടുന്നത്. അപ്പോൾ കിട്ടാത്ത ഒരു സംഭവം എന്ന നിലയിലുള്ള ഒരു കൊതി എനിക്ക് സ്റ്റുഡിയോയോട് തോന്നിയിരുന്നു. ഡബ്ബിങ്ങിനോടും റെക്കോർഡിങ്ങിനോടും വലിയ ഒരിഷ്ടം തന്നെ ഉണ്ടായിരുന്നു. അതിനുശേഷം ‘തെങ്കാശിപ്പട്ടണം’ കഴിഞ്ഞപ്പോൾ കുറച്ചു കാശൊക്കെ വന്നപ്പോൾ എനിക്ക് ആദ്യം തോന്നിയത് ഒരു ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങാം എന്നാണ്,’ ലാൽ ഓർത്തെടുക്കുന്നു.
ലാൽ. Photo: IMDb
സ്റ്റുഡിയോ തുടങ്ങുന്നതോടൊപ്പം താൻ ഡബ്ബ് ചെയ്ത സിനിമകളുടെയും നടന്മാരുടെയും ഓർമകൾ ലാൽ പങ്കുവെക്കുന്നു.
‘കളിയാട്ടം’ സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ ആദ്യമായി ഡബ്ബ് ചെയ്യുന്നത്. അതിനു മുമ്പും ചെറിയ ചെറിയ ശബ്ദങ്ങളൊക്കെ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ സിനിമയിൽ മോഹൻലാലിന് വേണ്ടി ഒരു ഭാഗം ഡബ്ബ് ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ ശബ്ദം കേൾക്കുമ്പോൾ ഞാൻ ഞെട്ടും. അങ്ങനെ പല പടങ്ങളിലും ചെറിയ ഭാഗങ്ങൾ ഡബ്ബ് ചെയ്തിട്ടുണ്ട്,’ ലാൽ പറയുന്നു.
റെക്കോർഡിങ് സ്റ്റുഡിയോ ആരംഭിച്ചതിൽ തനിക്ക് ഇപ്പോഴും വലിയ അഭിമാനമുണ്ടെന്ന് ലാൽ പറയുന്നു. ഇന്നും ആ ഒരു ത്രില്ലുണ്ടെന്നും ലാൽ കൂട്ടിച്ചേർത്തു
‘മലയാളസിനിമ കേരളത്തിലേക്ക് വരുമെന്നോ അല്ലെങ്കിൽ കേരളത്തിൽ മാത്രമായിട്ട് നിലനിൽക്കുമെന്നോ ഒരാൾ പോലും ചിന്തിച്ചിട്ടില്ലാത്ത സമയത്താണ് നമ്മൾ സ്റ്റുഡിയോ തുടങ്ങുന്നത്. അങ്ങനെ ഇവിടെ വർക്കുകൾ വരുന്നത് കണ്ടിട്ടാണ് മറ്റു സ്റ്റുഡിയോകളും ഫെസിലിറ്റീസും വരാൻ തുടങ്ങിയത്. കാലക്രമേണ മലയാള സിനിമ മൊത്തത്തിൽ കേരളത്തിലേക്ക് വരാൻ ഞാൻ കാരണക്കാരനായിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
വളരെ ചെറിയ തുകയേ പ്രോഫിറ്റ് ആയിട്ട് വരികയുള്ളൂ. കാരണം ഇതിൽ വലിയ കോമ്പറ്റീഷൻ ആണ്, ഒരുപാട് സ്റ്റുഡിയോകൾ ഉണ്ട്. എല്ലാവരും നിലനിൽപ്പിന് വേണ്ടിയാണോ അതോ വർക്ക് കൂടുതൽ പിടിക്കാനാണോ എന്ന് അറിയില്ല, റേറ്റ് കുറച്ചു ചെയ്യുന്ന ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എന്നിട്ടും ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര അഭിമാനമാണ്, എനിക്കൊരു സ്റ്റുഡിയോ ഉള്ളതിൽ. അതിപ്പോൾ 25 വർഷം പിന്നിടുമ്പോൾ അതൊരു മഹാഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. ഇപ്പോഴും എനിക്ക് അതിൽ ഭയങ്കരമായ ത്രില്ലുണ്ട്,’ ലാൽ പറയുന്നു
Content Highlight: Lal talks about his recording studio