| Thursday, 18th September 2025, 8:20 am

ഹൗസ്‌ബോട്ടിലിരുന്ന് പാട്ടൊരുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ലാല്‍ ജോസും ഡമ്മി പാടിയപ്പോള്‍ പെര്‍ഫെക്ടായ വരികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെന്നി. പി. നായരമ്പലം സിനിമയില്‍ തുടക്കകാലം തൊട്ടേ ഒ.എന്‍.വിയും യൂസഫലി കേച്ചേരിയും ബോംബെ രവിയും ഇളയരാജയും പോലുള്ളവരുമായി സഹകരിച്ചിട്ടുണ്ട്. ബെന്നി തിരക്കഥയെഴുതിയ പല സിനിമകളിലും ഒരുപാട് നല്ല പാട്ടുകളും പാട്ടോര്‍മകളും അദ്ദേഹത്തിനുണ്ട്. അത്തരത്തിലൊരു പാട്ടോര്‍മയുള്ള സിനിമകളാണ് ചാന്തുപൊട്ടും കല്യാണ രാമനും.

നല്ല പാട്ടുകളൊരുക്കിയ ചിത്രങ്ങളായിരുന്നു രണ്ട് സിനിമകളും…

ചാന്തുപൊട്ട് ഇറങ്ങിയപ്പോള്‍ ആ ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ ഹിറ്റുകളായിരുന്നു. വിദ്യാസാഗര്‍ ചെന്നൈയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ വച്ചാണ് അതുവരെയുള്ള പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ലാല്‍ ജോസ് വിദ്യാസാഗറിനോട് കേരളത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം വിദ്യാസാഗര്‍ കേരളത്തിലേക്ക് വരികയാണുണ്ടായത്.

വയലാർ ശരത്ചന്ദ്ര വർമ

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്ത് പാട്ടൊരുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. ഹൗസ്‌ബോട്ടില്‍ നാലു ദിവസം താമസിച്ച് കായലിലൂടെ സഞ്ചരിച്ചായിരുന്നു കംപോസിങ്. അദ്ദേഹം ഈണമിട്ട സംഗീതത്തില്‍ ഒരു ഡമ്മി വരി എഴുതാന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മയോട് പറഞ്ഞു.

ബോട്ടിലിരുന്ന് ‘ഓമനപ്പുഴ കടപ്പുറത്തിന്നോമനേ’ എന്ന വരിയാണ് ശരത് ആദ്യം എഴുതിയത്. അപ്പോള്‍ത്തന്നെ വിദ്യാസാഗര്‍ അതു പാടി. പാട്ട് കേട്ട ലാല്‍ ജോസിന് അതൊരുപാട് ഇഷ്ടമായി. ‘ഇത് ഡമ്മിയല്ല പെര്‍ഫെക്ട്’ എന്നുപറഞ്ഞു.

അതിന് പിറകെ ബാക്കി വരികള്‍ കൂടി ശരത് എഴുതി. രണ്ട് പാട്ടുകള്‍ അന്ന് കംപോസ് ചെയ്തു. രണ്ടാമത്തെ പാട്ട് ആഴക്കടലിന്റെ അങ്ങേക്കരയില്‍’ എന്ന ജാനകിയമ്മ പാടിയ പാട്ടാണ്.

കല്യാണരാമനിലെ ‘കഥയിലെ രാജകുമാരനും’ എന്ന പാട്ടും ബെന്നിക്ക് മറക്കാനാകില്ല. കൈതപ്രത്തിന്റെ വരികള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് ആണ് സംഗീതം നിര്‍വഹിച്ചത്.

പാട്ടിന്റെ ആദ്യ വരി ‘ഇവിടെ വിളക്കെടുത്താല്‍ പൂവണിയും സ്വപ്നങ്ങള്‍ എന്നായിരുന്നു. ക്ഷേത്രത്തിന് മുന്നില്‍ പ്രണയം പൂവണിയാന്‍ കമിതാക്കള്‍ വിളക്കൊഴുക്കുന്നതാണ് തീം. എന്നാല്‍ തുടക്കത്തിലെ ‘ഇവിടെ’ എന്ന വാക്ക് വന്നാല്‍ ഗാംഭീര്യം ഉണ്ടാകില്ല എന്ന തോന്നലിന്റെ പുറത്താണ് കൈതപ്രം ‘കഥയിലെ രാജകുമാരന്‍’ എന്ന് തിരുത്തിയത്.

‘കഥ എന്ന വാക്ക് വന്നപ്പോള്‍ ശബ്ദത്തിന് ഗാഭീര്യം വന്നു. ശബ്ദത്തിന്റെ മുഴക്കവും ഗാംഭീര്യവും എത്രത്തോളും പ്രധാനമാണെന്ന് മനസിലായ ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Lal Jose, who invited to compose a song while sitting on a houseboat, and Dummy singing the perfect lyrics

We use cookies to give you the best possible experience. Learn more