മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കുടുംബചിത്രങ്ങളും പ്രണയകഥകളും സാമൂഹിക പ്രമേയങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം, നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം മുതൽ സിനിമാരംഗത്ത് സജീവമായ ലാൽ ജോസ്, നിരവധി പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുകയും പല അഭിനേതാക്കളുടെയും കരിയറിൽ വഴിത്തിരിവായ ചിത്രങ്ങൾ ഒരുക്കുകയും ചെയ്ത സംവിധായകനാണ്.
എൽ.ജെ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിൽ, 2001-ൽ പുറത്തിറങ്ങിയ രണ്ടാം ഭാവം എന്ന ലാൽ ജോസ് ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി, തിലകൻ, പൂർണ്ണിമ, ഇന്ദ്രജിത്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് അന്ന് തിയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല.
ലാൽ ജോസ്. Photo. Screen grab/ Youtube
സംവിധായകരായ ഷാഫി, റാഫി, മെക്കാർട്ടിൻ എന്നിവർക്കൊപ്പമിരുന്ന് സിനിമാ വിശേഷങ്ങൾ പങ്കുവെക്കവേ, ഒരു സൂപ്പർ ഹിറ്റാകേണ്ട സിനിമയെ പരാജയപ്പെടുത്തിയതിന് തന്നോട് ദേഷ്യമാണെന്ന് അവർ തമാശയായി പറഞ്ഞ അനുഭവം ലാൽ ജോസ് ഓർത്തെടുക്കുന്നു
‘ഒരു ദിവസം ഞാനും സംവിധായകരായ റാഫി, മെക്കാർട്ടിൻ, ഷാഫി എന്നിവരും കൂടിയിരുന്ന് സിനിമ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് എന്നോട് റാഫി, തന്നോട് ഞങ്ങൾക്ക് ദേഷ്യമാണ്, സൂപ്പർ ഹിറ്റാവേണ്ട ഒരു സിനിമയെ പരാജയപ്പെടുത്തി എന്ന് പറയുന്നത് . രണ്ടാം ഭാവം എന്ന സിനിമയെ കുറിച്ചാണ് അവർ പറഞ്ഞത്.
ഷാഫിക്കും ആ അഭിപ്രായം തന്നെയായിരുന്നു. സിനിമ ചെയ്തപ്പോൾ തെറ്റായിപ്പോയി എന്ന് ഞാൻ കരുതിയ കാര്യങ്ങളൊന്നും അവർക്ക് തെറ്റായി തോന്നിയിരുന്നില്ല. ചിത്രം നന്നായി എടുത്തിട്ടുണ്ടെന്നും, എന്നാൽ ചില കാര്യങ്ങൾ മാറ്റി ചെയ്തിരുന്നെങ്കിൽ അത് സൂപ്പർ ഹിറ്റ് ആയേനെ എന്നുമാണ് അവർ പറഞ്ഞത്. അത് കേട്ടപ്പോൾ അവർ പറഞ്ഞത് ശരിയാണെന്നും ഞാൻ എന്തുകൊണ്ട് അങ്ങനെ ആലോചിച്ചില്ലെന്നും എനിക്ക് തോന്നി,’ ലാൽ ജോസ് പറഞ്ഞു.
രണ്ടാം ഭാവത്തിൽ നിന്നുള്ള അനുഭവം മനസിലുണ്ടായിരുന്നതുകൊണ്ട് തന്നെ, സംവിധായകൻ ഷാഫി തന്റെ ആദ്യ ചിത്രമായ വൺ മാൻ ഷോയുടെ ആലോചനകൾ നടത്തുന്ന സമയത്ത് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കാനും, അവ ശരിയാണെങ്കിൽ സ്വീകരിക്കാനും താൻ ഉപദേശിച്ചിരുന്നുവെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
‘അന്ന് ഷാഫിയുടെ വൺ മാൻ ഷോ പടത്തിന്റെ ഡിസ്കഷൻ നടക്കുന്ന സമയത്ത് ഞാൻ ഷാഫിയോട് പറഞ്ഞിരുന്നു, നീ നന്നായി ആലോചിക്ക്, ചിലപ്പോൾ മറ്റൊരാൾ പറയുന്ന അഭിപ്രായമായിരിക്കും നമ്മുടെ ചിന്തകളെയും സിനിമയുടെ റൂട്ടിനെയും തിരിച്ചുവിടുക.
എനിക്ക് രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് അങ്ങനെ ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ സിനിമയുടെ വിധി മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് ആര് എന്ത് അഭിപ്രായം പറഞ്ഞാലും അത് കേൾക്കുക, എന്നിട്ട് ആലോചിച്ച് ശരിയാണെന്ന് തോന്നിയാൽ അത് സ്വീകരിക്കാൻ മടിക്കരുത് എന്ന് പറഞ്ഞാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്,’ ലാൽ ജോസ് പറഞ്ഞു.
ലാൽ ജോസ്. Photo. Screen grab/ Youtbe