| Thursday, 24th July 2025, 5:10 pm

പട്ടി വര്‍ഗീസ്, മില്ലി വര്‍ഗീസ്...'എം.എല്‍. വര്‍ഗീസ്' മച്ചാന്‍ വര്‍ഗീസായ കഥ

ഹണി ജേക്കബ്ബ്

മച്ചാനെ… മച്ചാനെ എന്ന് തന്റെ കൂടെ ഉണ്ടായിരുന്നവരെയെല്ലാം വിളിച്ചുകൊണ്ട് നടന്ന് അവസാനം തന്റെ പേരിന്റെ മുന്നില്‍ മച്ചാന്‍ എന്ന് ചേര്‍ത്ത മച്ചാന്‍ വര്‍ഗീസ് എന്ന എം.എല്‍. വര്‍ഗീസിന്റെ കഥ പറഞ്ഞ് തുടങ്ങുകയാണ് ലാല്‍ ജോസ്.

ഒരുകാലത്ത് മലയാള സിനിമക്ക് നിരവധി കോമഡി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു മച്ചാന്‍ വര്‍ഗീസ്. മച്ചാന്‍ വര്‍ഗീസ് എന്ന നടന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മുഖത്ത് ചിരി പടരും. പേരിലെ കൗതുകവും കഥാപാത്രങ്ങളിലെ തനിമയും അദ്ദേഹത്തെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

‘എം.എല്‍ വര്‍ഗീസ് എന്നായിരുന്നു മച്ചാന്‍ വര്‍ഗീസിന്റെ ശരിക്കും പേര്. എം.എല്‍ മില്ലിലിറ്ററിന്റെ ഷോര്‍ട്ട് ഫോം ആയതുകൊണ്ട് മില്ലി വര്‍ഗീസ് എന്നും കൂടി അദ്ദേഹത്തിന് പേരുണ്ടായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞുതുടങ്ങി.

മച്ചാന്‍ വര്‍ഗീസിന് വലിയൊരു നായ ഉണ്ടായിരുന്നു. സിനിമകളില്‍ നായയുടെ വേഷം വരുമ്പോള്‍ അനുസരണക്കാരനായ ആ നായയെയും കൂട്ടി മച്ചാന്‍ വര്‍ഗീസ് ലൊക്കേഷനിലേക്ക് എത്തും. കുറച്ച് തമാശയൊക്കെ പറഞ്ഞ് സംവിധായകനെയെല്ലാം ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നായയുടെ കൂടെ വര്‍ഗീസിനും ഒരു വേഷം കിട്ടിയാലോ! അങ്ങനെ പട്ടിയുടെ കൂടെ വരുന്നതുകൊണ്ട് എം.എല്‍ വര്‍ഗീസ് പട്ടി വര്‍ഗീസ് കൂടിയായി.

‘മച്ചാന്‍ എന്ന് അദ്ദേഹത്തിന് അദ്ദേഹം തന്നെയിട്ട പേരാണ്. മച്ചാനെ… മച്ചാനെ എന്നാണ് എല്ലാവരെയും അദ്ദേഹം വിളിച്ചിരുന്നത്. അങ്ങനെ തന്നെയും അങ്ങനെതന്നെ വിളിക്കാന്‍ വര്‍ഗീസ് പറഞ്ഞത്. അങ്ങനെ സിനിമയില്‍ എല്ലാം അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അത് മച്ചാന്‍ വര്‍ഗീസ് ആയിമാറി,’ വര്‍ഗീസ് മച്ചാന്‍ വര്‍ഗീസ് ആയ കഥയായിരുന്നു ലാല്‍ ജോസ് ആപ്പറഞ്ഞത്.

മിമിക്രിയോടൊപ്പം തന്നെ നാടകത്തിലും മച്ചാന്‍ വര്‍ഗീസ് സജീവമായിരുന്നു. നാടകത്തിലെ മിമിക്രിക്കാരന്‍ ആയിരുന്നു മച്ചാന്‍. മച്ചാന്‍ എപ്പോഴും ഹാപ്പി ആയിരിക്കും. എപ്പോള്‍ കണ്ടാലും അദ്ദേഹം ചിരിച്ചുകൊണ്ടായിരിക്കും. ഫുള്‍ പോസിറ്റീവാണ്. മച്ചാന്റെ ചുറ്റിനും എപ്പോഴും പോസറ്റീവ് എനര്‍ജി ആയിരിക്കും. ചുറ്റിനും സന്തോഷം പ്രസരിപ്പിച്ച ഒരാള്‍ ആയിരുന്നു മച്ചാന്‍ വര്‍ഗീസ്. ലാല്‍ ജോസ് തന്റെ അടുത്ത സുഹൃത്തിനെ കുറിച്ചുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചു.

മിമിക്രിയിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയിലേക്ക് എത്തുന്നത്. കുറഞ്ഞ കാലംകൊടുത്തന്നെ നൂറിലധികം ചിത്രങ്ങളില്‍ ഭാഗമാകാന്‍ അദ്ദേഹത്തിനായി. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കാബൂളിവാലയിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയിലേക്ക് അരങ്ങേറുന്നത്. പഞ്ചാബി ഹൗസിലെ പന്തലുകാരന്‍ ലോറന്‍സ്, തെങ്കാശിപ്പട്ടണത്തിലെ കറവക്കാരന്‍, മീശമാധവനിലെ ലൈന്‍മാന്‍ ലോനപ്പന്‍, പട്ടാളത്തിലെ പുഷ്‌കരന്‍, തിളക്കത്തിലെ കുഞ്ഞവറാന്‍ തുടങ്ങി അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്. അര്‍ബുദബാധയെത്തുടര്‍ന്ന് 2011നിലായിരുന്നു മച്ചാന്‍ വര്‍ഗീസ് വിടവാങ്ങുന്നത്.

Content Highlight: Lal Jose Talks About Machan Varghese

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more