മലയാളത്തില്‍ മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോള്‍ ജോജു ജോര്‍ജിനെ താന്‍ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് പറയുകയാണ് അദ്ദേഹം. ബിജു മേനോന്റെ സുഹൃത്തായിട്ടാണ് താന്‍ ജോജുവിനെ പരിചയപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നു.
‘അവനൊരു റോള്‍ കൊടുക്കെടാ’യെന്ന് ബിജു മേനോനായിരുന്നു പറഞ്ഞതെന്നും അങ്ങനെയാണ് പട്ടാളം സിനിമയില്‍ ജോജു എത്തുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു. ചില ആളുകളുടെ പെരുമാറ്റം കാണുമ്പോള്‍ നമുക്ക് അവരോട് ഇഷ്ടം തോന്നുമെന്ന് പറയുന്ന ലാല്‍ പിന്നീട് ജോജുവിന് പറ്റിയ എന്ത് റോളാണ് കൊടുക്കുകയെന്ന് ചിന്തിക്കാന്‍ തുടങ്ങിയെന്നും പറയുന്നുണ്ട്.
‘ബിജു മേനോന്റെ സുഹൃത്തായിട്ടാണ് ഞാന്‍ ജോജു ജോര്‍ജിനെ പരിചയപ്പെടുന്നത്. പട്ടാളം എന്ന സിനിമയുടെ സമയത്ത് ‘അവനൊരു റോള്‍ കൊടുക്കെടാ’ എന്ന് പറയുന്നത് ബിജു മേനോനായിരുന്നു. ആ സിനിമയിലാണെങ്കില്‍ ഒരുപാട് റോളുകള്‍ ഉണ്ടായിരുന്നു.
പിന്നീട് ഓരോ പടങ്ങള്‍ കഴിയുമ്പോഴും ജോജുവിന് പറ്റിയ എന്ത് റോളാണ് കൊടുക്കുകയെന്ന് ചിന്തിക്കാന്‍ തുടങ്ങി. ചാന്ത്‌പൊട്ട് സിനിമയിലൊക്കെ ഒരൊറ്റ ഷോട്ടിലാണ് ജോജു വരുന്നത്. പട്ടാളം എന്ന സിനിമക്ക് ശേഷം വന്ന സിനിമകളിലൊക്കെ ജോജു ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു,’ ലാല്‍ ജോസ് പറയുന്നു.
പട്ടാളം:
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പട്ടാളം. മമ്മൂട്ടി നായകനായ ഈ സിനിമയില്‍ ടെസ്സ, ജ്യോതിര്‍മയി, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.
അവര്‍ക്ക് പുറമെ ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, മാമുക്കോയ, സലിംകുമാര്‍ തുടങ്ങിയ മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്. പട്ടാളം താത്കാലിക ക്യാമ്പ് സ്ഥാപിച്ചതിന് ശേഷം ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു സിനിമയുടെ കഥ.
Content Highlight: Lal Jose Talks About Joju George And Pattalam Movie