| Tuesday, 14th April 2026, 9:41 am

കഥ സംവിധായകന്‍ വന്ന് പറയട്ടെ; കേരള കഫേയുടെ കഥ മമ്മൂട്ടിയോട് പറഞ്ഞ അനുഭവം പങ്കുവെച്ച് ലാല്‍ ജോസ്

അശ്വിന്‍ രാജേന്ദ്രന്‍

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ കരിയര്‍ ആരംഭിച്ച് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ലാല്‍ ജോസ്. മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയെ നായകനാക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് മീശമാധവന്‍, പട്ടാളം, അറബിക്കഥ, ചാന്ത്‌പൊട്ട്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായി ലാല്‍ ജോസ് മാറിയിരുന്നു.

കേരള കഫേ. Photo: Amrita Movies

2009 ല്‍ പത്ത് ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ത്ത് ഒരു ആന്തോളജിയായി പുറത്തിറക്കിയ കേരള കഫേയില്‍ മമ്മൂട്ടിയെ നായകനാക്കി പുറംകാഴ്ച്ചകള്‍ എന്ന ഭാഗം ലാല്‍ ജോസ് സംവിധാനം ചെയ്തിരുന്നു. ആന്തോളജിയില്‍ ഏറ്റവുമധികം നിരൂപകപ്രശംസ നേടിയതും മമ്മൂട്ടിയുടെ പ്രകടനത്തിന് ഒട്ടനവധി കൈയടികള്‍ ലഭിക്കാനിടയുമായ ഭാഗമായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത പുറംകാഴ്ച്ചകള്‍.

ചിത്രത്തിന്റെ കഥ പറയാനായി മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ലാല്‍ ജോസ് തന്റെ അനുഭവം പങ്കുവെച്ചത്.

‘മമ്മൂക്കയുടെ അടുത്ത് രഞ്ജിയാണ് പറഞ്ഞത് കേരള കഫേ എന്ന പരിപാടിയുണ്ട്, അതില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സെഗ്മെന്റില്‍ മമ്മൂക്ക അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന്. എത്ര ദിവസം വേണമെന്ന് ചോദിച്ചപ്പോള്‍ നാല് ദിവസം മതിയെന്നായിരുന്നു പറഞ്ഞത്. അതിന്റെ കഥ രഞ്ജി പറയാന്‍ തുടങ്ങിയപ്പോള്‍ അത് സംവിധായകന്‍ വന്ന് പറയട്ടെ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

കേരള കഫേ പുറംകാഴ്ച്ചകള്‍. Photo: Reddit

അങ്ങനെ ഏതാണ്ട് എട്ട് വര്‍ഷത്തിന് ശേഷം ഞാനും മമ്മൂക്കയും നേര്‍ക്ക് നേര്‍ കാണുകയായിരുന്നു. ആഷിക്ക് അബുവിന്റെ ഡാഡി കൂള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു. അദ്ദേഹത്തിന്റെ ക്യാരവാനില്‍ ഇരുന്നാണ് കഥ പറഞ്ഞത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഇത് നീ പണ്ട് പട്ടാളത്തിന്റെ സെറ്റില്‍ വെച്ച് പറഞ്ഞ കഥയല്ലേ എന്ന് ചോദിച്ചു. അതെന്നെ ഞെട്ടിച്ചുകളഞ്ഞു. അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൊക്കേഷനിലെ ഒരു ലൈറ്റര്‍ ടോക്കിനിടയില്‍ ഞാന്‍ പറഞ്ഞ കഥയാണ്. ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. നാല് ദിവസം എന്ന് പറഞ്ഞാല്‍ അതില്‍ കൂടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു,’ ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Lal Jose talks about his experience with Mammootty at the set of Daddy cool Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more