| Friday, 23rd October 2026, 7:47 pm

മമ്മൂട്ടിയെക്കൊണ്ട് കോമാളിത്തരം ചെയ്യിപ്പിച്ചതിന് അവന് മാപ്പില്ലെന്ന് നിന്റെ തന്തയോട് പറഞ്ഞേക്ക്; ആരാധകന്‍ ഭീഷണിപ്പെടുത്തിയ അനുഭവം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹായിയായി അദ്ദേഹം സിനിമയിലേക്ക് വരുകയും ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന സിനിമയിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. വ്യത്യസ്തമായ പ്രമേയങ്ങള്‍ ചെയ്ത് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കാന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. മീശമാധവന്‍ , അറബിക്കഥ , ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയവ ലാല്‍ ജോസിന്റെ വിജയ ചിത്രങ്ങളാണ്.

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുള്ള ചിത്രമാണ് മമ്മൂട്ടി നായകനായ പട്ടാളം. മമ്മൂട്ടിയ്ക്ക് പുറമെ ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, ജ്യോതിര്‍മയി, ടെസ്സ ജോസഫ്, ജഗതിശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയ താരനിരയായിരുന്നു അണിനിരന്നത്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പട്ടാളം ക്യാമ്പ് ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥാപശ്ചാത്തലം.

ലാല്‍ ജോസ്. Photo: Screen Grab/ Safari Tv/ Youtube.com

2003ല്‍ ചിത്രം റിലീസായതിന് പിന്നാലെ തന്റെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍വിളിയെ കുറിച്ചുള്ള ഓര്‍മ പങ്കുവെക്കുകയാണ് ലാല്‍ ജോസ്. പട്ടാളത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം ഇഷ്ടപ്പെടാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്താനായിരുന്നു താരത്തിന്റെ ആരാധകനായ ഒരാള്‍ വിളിച്ചത്. സഫാരി ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പട്ടാളത്തിന്റെ ഓര്‍മകളില്‍ എനിക്ക് വളരെ സങ്കടമുള്ള ഒരു സംഭവമുണ്ട്. പട്ടാളം റിലീസ് ചെയ്ത് പരാജയപ്പെട്ട് കഴിഞ്ഞപ്പോള്‍ എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. അന്ന് നാല് വയസുള്ള എന്റെ രണ്ടാമത്തെ മകളാണ് ആ കോളെടുത്തത്. ഫോണെടുത്തപ്പോള്‍ വിളിച്ച ആള്‍ മോളോട് പറഞ്ഞത് നിന്റെ തന്ത വീട്ടിലുണ്ടോ, അയാളോട് പറഞ്ഞേക്ക് മമ്മൂട്ടി എന്ന് പറയുന്ന ഒരു മഹാനായ നടനെ കൊണ്ട് ഓട്ടിന്‍ പുറത്ത് കയറ്റുകയും പാമ്പിനെ പിടിപ്പിക്കുകയും പട്ടിയുടെ പിന്നാലെ ഓടിപ്പിക്കുകയും ചെയ്യുന്ന കോമാളിത്തരം ചെയ്യിപ്പിച്ചതിന് അവന് മാപ്പില്ലെന്നാണ്. അവന്റെ കൈ ഞങ്ങള്‍ വെട്ടും എന്ന് പറഞ്ഞേക്ക് എന്ന് കൂടെ കുട്ടിയോട് പറഞ്ഞു.

പട്ടാളം. Photo: X.com

നാലുവയസായ കുട്ടിയോടാണ് പറയുന്നത്. അതിന് ശേഷം മോള്‍ എന്നെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കില്ല. പപ്പ നമുക്ക് സിനിമ വേണ്ട പപ്പ, ഇവിടെ ഊണ്‍ കഴിച്ച് നമുക്ക് സുഖമായി ജീവിക്കാം എന്നെല്ലാം പറഞ്ഞ് മോള്‍ പുറത്തേക്ക് വിടുന്നില്ല. അത് ഏതോ ഫാന്‍ ചെയ്ത പരിപാടിയായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal jose talks about his experience from Mammootty fans after pattalam release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more