| Friday, 23rd October 2026, 10:12 am

ഭാരതിരാജയാണ് ഞങ്ങളുടെ തലമുറയെ സിനിമ കാണാൻ പ്രേരിപ്പിച്ചത്; തമിഴ് പഠിപ്പിച്ചത് സംവിധായകൻ ഭാഗ്യരാജും: ലാൽ ജോസ്

അനുപമ കെ. സീത

മലയാള സിനിമയിൽ നിരവധി പരീക്ഷണ ചിത്രങ്ങൾ പരീക്ഷിക്കുകയും അതിൽ ഒട്ടുമിക്കവയും വിജയിപ്പിക്കുകയും ചെയ്ത സംവിധായകനാണ് ലാൽ ജോസ്. സംവിധായകൻ എന്നതിലുപരി അഭിനേതാവും നിർമ്മാതാവും കൂടിയാണദ്ദേഹം. സംവിധായകൻ കമലിന്റെ അസ്സിസ്റ്റന്റായാണ് മലയാള ചലച്ചിത്ര മേഖയിലേക്ക് ലാൽ ജോസ് വരുന്നത്. പിന്നീട് ഒരു മറവത്തൂർ കനവ് എന്ന സിനിമ സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു.

ഇപ്പോഴിതാ കേരളത്തിൽ മലയാളികളെ തമിഴ് പഠിപ്പിച്ചത് ഭാഗ്യരാജാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഭാരതിരാജയും ഭാഗ്യരാജും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ് ലാൽ ജോസ് പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.

‘മലയാളികളെ തമിഴ് പഠിപ്പിച്ച ഒരു സംവിധായകനുണ്ട് അത് ഭാഗ്യരാജാണ്. ഭാരതിരാജ സാർ ആണ് ഞങ്ങളുടെ തലമുറയെ തമിഴ് സിനിമ കാണാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ സിനിമകളിലെ തമിഴ് കോമഡികൾ കേട്ട് മലയാളികൾ പൊട്ടിച്ചിരിച്ചു. അതിഭയങ്കരമായ സെൻസ് ഓഫ് ഹ്യൂമർ ഉള്ളൊരു സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഭാഗ്യരാജ്.

ഭാഗ്യരാജ്.ഭാരതിരാജ.Screen Grab/IMDb

പുട്ടിന് തേങ്ങ ഇടുന്ന പോലെ കോമഡി വന്നിരുന്ന തമിഴ് സിനിമയിൽ നിന്നും നായകൻ തന്നെ ഹ്യൂമർ ചെയ്യുന്ന ടോട്ടൽ കഥ തന്നെ ഹ്യൂമറസ് ആയിട്ട് പറയുന്ന സിനിമകളായിരുന്നു ഭാഗ്യരാജിന്റെത്. മനുഷ്യരുടെ കഥ ഏറ്റവും റിയലിസ്റ്റിക്കായിട്ട് തമിഴിൽ പറഞ്ഞു തുടങ്ങിയ ഒരാൾ ഭാഗ്യരാജ് ആയിരുന്നു. ഗംഭീര നർമ്മബോധമുള്ള ആളായിരുന്നു അദ്ദേഹം,’ ലാൽ ജോസ് പറഞ്ഞു.

ഭാരതിരാജയും ഭാഗ്യരാജും തമ്മിലുണ്ടായിരുന്നത്‌ ഒരു ഗുരു-ശിഷ്യ ബന്ധത്തേക്കാളുപരി സൗഹൃദവും കൂടിയാണെന്നും അവർ തമ്മിലുണ്ടായിരുന്ന ബോണ്ടൊക്കെ കാണുമ്പോൾ അതെന്തോ ഒരു പൂർവ്വജന്മ ബന്ധമായിരുന്നുവെന്ന് നമുക്ക് ഇപ്പോൾ സംശയം തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതിരാജ.ഭാഗ്യരാജ്.Screen Grab/IMDb

തമിഴ് സിനിമ രംഗത്ത് പ്രവർത്തിച്ച സംവിധായകനും നടനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു ഭാരതിരാജ. പതിനാറ് വയതിനിലെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് തമിഴ് സിനിമയിൽ യാഥാർഥ്യബോധത്തോടെ ഗ്രാമീണ പശ്ചാത്തലങ്ങളെ ചിത്രീകരിക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനാവുകയായിരുന്നു അദ്ദേഹം. ടിക് ടിക് ടിക്, കാതൽപൂക്കൾ, അന്തിമന്താരൈ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.

സംവിധായകരായ ജി. രാമകൃഷ്ണന്റെയും ഭാരതിരാജയുടെയും അസ്സിസ്റ്റന്റായിട്ടാണ് ഭാഗ്യരാജ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. സംവിധായകൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു അദ്ദേഹം. തന്റെ സിനിമ കരിയറിൽ 25ലധികം സിനിമകൾ സംവിധാനം ചെയ്യുകയും 75ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഭാഗ്യരാജ്. ഭാരതിരാജയുടെ പതിനാറ് വയതിനിലെയിൽ സഹ സംവിധായകനായതിനു ശേഷമാണ് അവർ തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം ആരംഭിക്കുന്നത്.

Content Highlight: Lal Jose stated that Bharathiraja was the one who inspired their generation to watch movies, and added that director Bhagyaraj was the one who taught Malayalis Tamil.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more