| Sunday, 11th January 2026, 7:15 am

സിനിമ കാണാനും പോക്കറ്റ് മണിക്കും വേണ്ടി പത്രവിതരണം നടത്തി; അന്ന് തൂവാനത്തുമ്പികളില്‍ ആദ്യമായി അവസരം ലഭിച്ചു: ലാല്‍ ജോസ്

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരുപിടി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വന്തന്ത്ര സംവിധായകനായി കരിയര്‍ ആരംഭിച്ച ലാല്‍ ജോസ് മീശമാധവന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. കമലിന്റെ അസിസ്റ്റന്റായും ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ന് തന്റെ 60ാം പിറന്നാള്‍ ദിനത്തില്‍ പിന്നിട്ട വഴികളിലേക്ക് ഒരുതിരിച്ച് പോക്കിന് ഒരുങ്ങുകയാണ് അദ്ദേഹം. ബിരുദം പൂര്‍ത്തിയായതോടെ സിനിമാ പഠനത്തിനായി താന്‍ ചെന്നൈയിലേക്ക് വണ്ടി കയറിയെന്ന് അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘വിദ്യാര്‍ഥിയായിരിക്കെ, സിനിമ കാണാനും പോക്കറ്റ് മണിക്കും വേണ്ടി പത്രവിതരണവും പ്രാദേശിക ലേഖകന്റെ ജോലിയും ചെയ്തിരുന്നു. ഫോട്ടോയ്ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം സ്റ്റുഡിയോയിലേക്ക് കൊടുക്കുന്നത് ഒഴിവാക്കാന്‍ അവിടെ സഹായിയായി. ‘തൂവാനത്തുമ്പികള്‍’ സിനിമയുടെ ചിത്രീകരണം നടക്കുന്നിടത്ത് സ്റ്റില്‍ എടുക്കാന്‍ അവസരം ലഭിക്കുന്നത് അങ്ങനെയാണ്.

സിനിമാ ലോകത്തേക്കുള്ള ആദ്യ ഫ്‌ളാഷടിച്ച ദിവസങ്ങള്‍. ബിരുദപഠനത്തിന് ശേഷം, കളര്‍ പ്രോസസിങ് പഠിക്കാനായി ചെന്നൈയിലേക്ക് പോയെങ്കിലും അതു നടക്കാതെ വന്നതോടെ വടപളനിയില്‍ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ തൊഴിലാളിയായി. അതിനിടെയാണ് തിരുവില്വാമല സ്വദേശിയും സുഹൃത്തുമായ ശ്രീശങ്കറിനെ കണ്ടുമുട്ടിയത്,’ലാല്‍ ജോസ് പറയുന്നു.

ശ്രീശങ്കര്‍ സിനിമയില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നും ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ സിനിമയുടെ ഭാഗമായി പ്രസാദ് ലാബിലുണ്ടായിരുന്ന സംവിധായകന്‍ കമലിനെ സമീപിച്ചതും അവസരം ലഭിച്ചതും അങ്ങനെയാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. അസിസ്റ്റന്റ് ഡയറക്ടറായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ ലില്ലി ആദ്യം വഴക്കാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘അന്ന് വഴക്കവസാനിപ്പിച്ച് അച്ഛന്‍ അമ്മയോടൊരു രഹസ്യം വെളിപ്പെടുത്തി. പണ്ട് ബിഷപ്പിനെ കാണാന്‍ പോയ ദിവസം അദ്ദേഹം ഒരു പ്രവചനം പോലെ, പറഞ്ഞിരുന്നു, അവന്റെ വഴി കലാ പ്രവര്‍ത്തനമായിരിക്കും. അതിനാവശ്യമായ പിന്തുണ നിങ്ങള്‍ നല്‍കണം എന്ന്. അമ്മയുടെ മനസിലെ ആധി അതോടെയാണ് മാറിയത്,’ ലാല്‍ ജോസ് പറഞ്ഞു.

Content highlight: Lal Jose shares his cinema  journey on his birthday

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more