കൊച്ചിന്‍ ഹനീഫ… അദ്ദേഹത്തിന്റെ ഒരു ഡയലോഗെങ്കിലും കേള്‍ക്കാത്ത, അത് കേട്ട് ചിരിക്കാത്ത ദിവസങ്ങള്‍ മലയാളികള്‍ക്ക് കുറവാണ്. നിഷ്‌കളങ്കമായ ഹാസ്യത്തിലൂടെയാണ് അദ്ദേഹം സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാകുന്നത്.
വില്ലനായി സിനിമയില്‍ എത്തിയ ആളാണ് പിന്നീട് ചിരിച്ചു ചിരിച്ച് വയറ് വേദനിക്കും വിധമുള്ള കോമഡി സീനുകള്‍ ചെയ്തതെന്നത് പറയാതിരിക്കാനാവില്ല. വില്ലന്‍ റോളുകളില്‍ നിന്നും വളരെ പെട്ടെന്നായിരുന്നു തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ റോളുകള്‍ കൂടെ അദ്ദേഹത്തിലേക്ക് എത്തുന്നത്.
‘ജീവിതത്തില്‍ ഓരോ ഘട്ടത്തിലും ഓരോ ആളുകള്‍ക്കും ഉണ്ടാകുന്ന പരിവര്‍ത്തനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് കൊച്ചിന്‍ ഹനീഫ’യെന്നാണ് സംവിധായകന്‍ പറയുന്നത്. ശരിയാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സിനിമാഭിനയ മോഹവുമായി ചെന്നൈയില്‍ വരുന്നത്.
ആ കാലത്ത് ആക്ഷന്‍ പടങ്ങള്‍ ചെയ്യുന്ന സംവിധായകരുടെ സിനിമകളില്‍ കൊള്ള സംഘത്തിലെ ആളായും വെടി കൊണ്ട് മരിക്കുന്ന ഗുണ്ടയായിട്ടുമൊക്കെയാണ് അദ്ദേഹം സിനിമകളില്‍ അഭിനയിച്ചിരുന്നത്.
വില്ലനായി അഭിനയിക്കുന്ന സമയത്ത് തന്നെയാണ് അദ്ദേഹം സിനിമകള്‍ക്ക് തിരക്കഥ എഴുതാനും തുടങ്ങുന്നത്. പിന്നീട് അടുത്ത ഘട്ടത്തില്‍ ജോഷി സംവിധായകനാകുന്ന കാലത്ത് അദ്ദേഹത്തിന് വേണ്ടിയും കൊച്ചിന്‍ ഹനീഫ കഥകള്‍ എഴുതാന്‍ തുടങ്ങി.
ശേഷം സന്ദര്‍ഭം പോലെയുള്ള സിനിമകള്‍ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി. വൈകാതെ ഒരു മികച്ച സംവിധായകനുമായി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്തു. കൊച്ചിന്‍ ഹനീഫ എന്ന സംവിധായകനെ കുറിച്ച് പറയുമ്പോള്‍, വാത്സല്യം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തതില്‍ ഏറ്റവും നല്ലൊരു ചിത്രമായിട്ടാണ് ലാല്‍ ജോസ് പറയുന്നത്.
ശരിയാണ്, ഇന്നും നമ്മളെ കരയിപ്പിച്ച സിനിമകളുടെ ലിസ്റ്റില്‍ വാത്സല്യവുമുണ്ട്. വാത്സല്യം മാത്രമല്ല ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട് ഉള്‍പ്പെടെയുള്ള സിനിമകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ഒടുവില്‍ ഭീഷ്മാചാര്യ എന്ന ചിത്രത്തിന് ശേഷമാണ് കൊച്ചിന്‍ ഹനീഫ സംവിധാന രംഗത്ത് നിന്നും മാറിനിന്നത്. 80കളുടെ അവസാനത്തോടെ വില്ലന്‍ റോളും സംവിധായകന്റെ റോളും മാറ്റിവെച്ച് കോമഡി റോളുകളിലേക്ക് മാറി. കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് അതിന് നല്ലൊരു തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ തേടി നിരവധി വേഷങ്ങള്‍ എത്തി. ശേഷം നടന്നത് ചരിത്രം….
Content Highlight: Lal Jose says Kochin Haneefa has a track record unmatched by any other actor in Malayalam cinema