| Saturday, 12th July 2025, 6:38 am

ക്ലാസ്‌മേറ്റ്‌സിന് വേണ്ടി 90കളിലെ ഡ്രസിങ് പാറ്റേണ്‍ അറിയാന്‍ ചില സിനിമകള്‍ കണ്ടു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കമലിനൊപ്പം നിരവധി സിനിമകളില്‍ ലാല്‍ ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായത്. ശേഷം സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ നല്‍കാന്‍ ലാല്‍ ജോസിന് സാധിച്ചിരുന്നു.

ലാല്‍ ജോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കോലാഹലം. റഷീദ് പറമ്പില്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചില സിനിമകള്‍ ആ കാലഘട്ടത്തിന്റെ റെഫറന്‍സാണെന്ന് പറയുകയാണ് ലാല്‍ ജോസ്.

ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ സമയത്ത് 90കളിലെ ഡ്രസിങ് സ്‌റ്റൈല്‍ അറിയാന്‍ താന്‍ ആ കാലത്തിറങ്ങിയ സിനിമകളാണ് റെഫറന്‍സ് ആക്കിയതെന്നും സംവിധായകന്‍ പറയുന്നു. കോലാഹലം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ക്ലാസ്‌മേറ്റ്‌സ് സിനിമ ചെയ്യുമ്പോള്‍ അതില്‍ 90കളിലെ ക്യാമ്പസില്‍ നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. അതുകൊണ്ട് തന്നെ 90കളിലെ ഡ്രസിങ് പാറ്റേണായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്. അന്ന് അത് മനസിലാക്കാന്‍ വേണ്ടി ആ കാലത്ത് ഇറങ്ങിയ സിനിമകളാണ് കണ്ടത്.

ഞാന്‍ ആ കാലത്ത് കോളേജില്‍ പോയ ആളാണ്. പക്ഷെ എനിക്ക് അന്നത്തെ ഡ്രസിങ് പാറ്റേണിനെ കുറിച്ചൊന്നും ഓര്‍മ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികളുടെ ഡ്രസിങ് സ്‌റ്റൈല്‍ എങ്ങനെ ആയിരുന്നുവെന്ന് ഓര്‍മയില്ലായിരുന്നു.

അതുകൊണ്ട് 90കളില്‍ ഇറങ്ങിയ സിനിമകളാണ് ആ കാലഘട്ടത്തെ റെഫറന്‍സായി നമ്മള്‍ കാണുന്നത്. ചില സിനിമകളൊക്കെ റെഫറന്‍സ് മെറ്റീരിയല്‍ കൂടിയാണ്. ഒരു കാലഘട്ടത്തെയാണ് സിനിമയിലൂടെ കാണിക്കുന്നത്.

ആ കാലത്തെ സ്ഥലത്തിന്റെ ജോഗ്രഫി ഉള്‍പ്പെടെ സിനിമയില്‍ ഉണ്ടാകും. അതിന് ഞാന്‍ ഒരു ഉദാഹരണം പറയാം. അനുഭവങ്ങള്‍ പാളിച്ചകള്‍ സിനിമയില്‍ സത്യന്‍ മാഷ് മറൈന്‍ ഡ്രൈവില്‍ കൂടെ നടന്ന് പോകുന്ന ഒരു ഷോട്ടുണ്ട്.

72ല്‍ മറൈന്‍ ഡ്രൈവ് എങ്ങനെ ഉണ്ടായിരുന്നുവെന്ന് കാണാന്‍ ആ സിനിമയാണ് നമ്മള്‍ റെഫറന്‍സായി വെക്കുന്നത്. കോലാഹലം എന്ന സിനിമ ഈ കാലത്തെ റെഫറന്‍സായി വേണമെങ്കില്‍ കാണാവുന്നതാണ്,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Says he watched some movies to learn 90s dressing pattern for Classmates movie

We use cookies to give you the best possible experience. Learn more