| Wednesday, 11th November 2026, 7:33 am

പൂക്കാലം വരവായുടെ സെറ്റിൽ വെച്ചിട്ടാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്; അതിനും മുമ്പേ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്: ലാൽ ജോസ്

അനുപമ കെ. സീത

ശക്തമായ നായക- വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും പ്രേക്ഷകപ്രീതി നേടിയ അഭിനേതാവാണ് മുരളി. നാടകവേദിയിൽ നിന്നും വെള്ളിത്തിരയിലേക്കെത്തിയ നടനാണ് അദ്ദേഹം. അഭിനയത്തിന് പുറമെ നാടകകൃത്ത്, സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ് അദ്ദേഹം അഭിനയിച്ച ആദ്യ ചിത്രമെങ്കിലും അത് പുറത്തിറങ്ങിയില്ല.

ഇപ്പോഴിതാ സംവിധായകനായ ലാൽ ജോസ് അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിൽ മുരളിയെക്കുറിച്ചും അദ്ദേഹവുമായി പരിചയത്തിലായതിനെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കു വെയ്ക്കുകയാണ്. സംവിധായകനായിട്ടുള്ള കമലിന്റെ സെറ്റിൽ വെച്ചാണ് അദ്ദേഹത്തെ പരിചയപെട്ടതെന്നും എന്നാൽ അതിനും മുമ്പേ അദ്ദേഹത്തെ താൻ കണ്ടിട്ടുണ്ടെന്നും പറയുകയാണ് ലാൽ ജോസ്.

‘കമൽ സാറിന്റെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയ സമയം. പൂക്കാലം വരവായി  എന്ന് പറയുന്ന കമൽ സാർ ചെയ്ത ജയറാമേട്ടൻ നായകനായിട്ടുള്ള ഒരു സിനിമ. അതിൽ ബേബി ശ്യാമിലിയുടെ അച്ഛനായി ഡോക്ടറായിട്ടുള്ളൊരു ക്യാരക്ടർ റോൾ, ഒരു പോസിറ്റീവ് ക്യാരക്ടർ റോൾ. അത്  ചെയ്യാൻ മുരളിയേട്ടൻ വന്നു. പൂക്കാലം വരവായുടെ സെറ്റിൽ വെച്ചിട്ടാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അപ്പോൾ വിശേഷങ്ങളും വീട് എവിടെയാ എന്നൊക്കെ ചോദിച്ചു. ഒറ്റപ്പാലത്ത് എന്ന് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു എന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തായിരുന്നു.

പൂക്കാലം വരവായി.Photo: Youtube.com

ആ സിനിമയുടെ പേര് എന്താണെന്ന് ഞാൻ ചോദിച്ചു. ‘ആ സിനിമ ഇറങ്ങിയില്ല അതായിരുന്നു എന്റെ ആദ്യത്തെ സിനിമ. ഞാറ്റടി എന്നാണ് ആ സിനിമയുടെ പേര്’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ എനിക്ക് ഉള്ളിൽ ഒരു ഒരു തള്ളൽ ഇങ്ങനെ വന്നു. കാരണം ഞാൻ ആദ്യമായിട്ട് ഒരു സിനിമയെ കുറിച്ച് കേൾക്കുന്നത് ഞാറ്റടി എന്ന് പറയുന്ന സിനിമയെ കുറിച്ചാണ്. അതിലൊരു പുതിയ നടനാണ് നായകൻ എന്നൊക്കെ അന്ന് ഞാൻ കേട്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന് അഞ്ചോ ആറോ വയസുള്ളപ്പോൾ ഒറ്റപ്പാലത്ത് തന്റെ വീടിന്റെ അടുത്ത് വെച്ചാണ് ഞാറ്റടി എന്ന സിനിമയുടെ ഷൂട്ടിങ് നടന്നതെന്നും അന്നാണ് താൻ ആദ്യമായ് സിനിമയെക്കുറിച്ച് കേൾക്കുന്നതും സിനിമ പ്രവർത്തകരെ നേരിട്ട് കാണുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. അവിടെ വെച്ച് ആദ്യമായ് മുരളിയെ കണ്ടതായും അദ്ദേഹം പറയുന്നുണ്ട്. ആ സിനിമ സംവിധാനം ചെയ്തത് ഭരത് ഗോപിയാണെന്ന അറിവ് അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചതെന്നും ലാൽ വ്യക്തമാക്കി.

‘ആരാ അത് സംവിധാനം ചെയ്തതെന്ന് നിനക്കറിയോ’ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ അറിയില്ലെന്ന് പറഞ്ഞു, പുതിയ ഡയറക്ടർ ആണെന്നാണ് അന്ന് കേട്ടത്. ‘അത് സംവിധാനം ചെയ്തത് പിന്നീട് ഭരത് ഗോപിയായ ഗോപി ആശാനാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഭരത് ഗോപി ആദ്യം ഡയറക്ട് ചെയ്ത സിനിമയായിരുന്നു ഈ ഞാറ്റടി. അതിലെ നായകൻ മുരളിയേട്ടൻ ആയിരുന്നു. അത് ഭയങ്കര കൗതുകമുള്ള ഒരു കാഴ്ചയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Lal Jose said that he had first got to know him on the sets of Pookkalam Varavayi and that he had seen him even before that.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more