| Monday, 6th July 2026, 12:37 pm

അറബിക്കഥയുടെ ലൊക്കേഷനിൽ കേട്ട ഡയലോഗ് വർഷങ്ങൾക്കു ശേഷം ഡയമണ്ട് നെക്ലേസിൽ ഉപയോഗിച്ചു: ലാൽ ജോസ്

നന്ദന. ടി

മലയാള സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കുടുംബചിത്രങ്ങളും പ്രണയകഥകളും സാമൂഹിക പ്രമേയങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം, നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം മുതൽ സിനിമാരംഗത്ത് സജീവമായ അദ്ദേഹം, നിരവധി പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുകയും നിരവധി അഭിനേതാക്കളുടെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങൾ ഒരുക്കുകയും ചെയ്ത സംവിധായകരിലൊരാളാണ്.

ലാൽ ജോസ്.photo.screen grab/youtube

യഥാർഥ ജീവിതത്തിലെ സംഭവങ്ങളും കഥാപാത്രങ്ങളും തന്റെ സിനിമകളിലേക്ക് എങ്ങനെ കടന്നുവരുന്നുവെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലാൽ ജോസ്. യു.എ.ഇ വാർത്ത എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കലും ഒരു ആകർഷകമായ ആയ വ്യക്തിയെ കാണുമ്പോഴോ, അല്ലെങ്കിൽ അവരുടെ ജീവിതകഥ കേൾക്കുമ്പോഴോ, ഇത് സിനിമയാക്കണം എന്ന് ഞാൻ ഉടനെ ചിന്തിക്കാറില്ല. കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഒരു കുട്ടി എന്റെ ഉള്ളിൽ എപ്പോഴും ഉണ്ട്. ആ കഥകളൊക്കെ ഞാൻ കേട്ടിരിക്കും. പിന്നീട് ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ, ആ കഥ അതിലേക്ക് ചേർക്കാൻ പറ്റുന്നതാണെന്ന് തോന്നും. അങ്ങനെയൊരു ഡെപ്ത് ഉള്ള കഥയാണെങ്കിൽ മാത്രമേ വർഷങ്ങൾ കഴിഞ്ഞാലും അത് മനസിൽ കിടക്കുകയുള്ളൂ.

ഉദാഹരണത്തിന്, ‘അറബിക്കഥ’യുടെ ലൊക്കേഷൻ കാണാൻ പോയ സമയത്ത് അവിടെ ഒരു ടാക്സി ഡ്രൈവർ പറഞ്ഞ ഒരു ഡയലോഗ്, ആറോ ഏഴോ വർഷങ്ങൾക്കു ശേഷം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിൽ ഒരു ഡയലോഗായി ഉപയോഗിച്ചു. ഇത്ര വർഷമായിട്ടും അത് മനസ്സിൽ നിന്ന് മായാതെ കിടന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു.

‘ഡയമണ്ട് നെക്ലേസി’ൽ ഒരു സിറ്റുവേഷൻ വന്നപ്പോൾ, ‘അയാൾ അവളോട് ദുബായിയെക്കുറിച്ച് എന്തായിരിക്കും പറയുക’ എന്നൊരു ചർച്ച വന്നു. അപ്പോൾ ഞാൻ ഇഖ്ബാലിനോട് ‘അറബിക്കഥ’യുടെ സമയത്തുണ്ടായ ആ സംഭവം പറഞ്ഞു. അപ്പോൾ തന്നെ, ‘ഇതാണ് കൃത്യമായി ഇവിടെ വേണ്ടത്’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ ഡയലോഗ് സിനിമയിലെത്തിയത്.

പക്ഷേ ശ്രീനിയേട്ടൻ ആളുകളുമായി സംസാരിച്ചിട്ട് അവരിൽ നിന്ന് അപൂർവമായ എന്തെങ്കിലും കേട്ടാൽ, അവർ പോയ ഉടൻ അത് ഡയറിയിൽ കുറിച്ചുവയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചില ആളുകളുമായി സംസാരിച്ച ശേഷം ശ്രീനിയേട്ടൻ മുറിയിലേക്ക് പോയി കുറച്ചുകഴിഞ്ഞാണ് തിരികെ വരിക. അപ്പോൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ആ വ്യക്തി പറഞ്ഞ ചില കാര്യങ്ങൾ കുറിച്ചുവയ്ക്കാൻ പോയതാണ്. അല്ലെങ്കിൽ മറന്നുപോകും,’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ശീലം ഞാനും തുടങ്ങണം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്,’ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ്.photo.screen grab/youtube

Content Highlight: Lal Jose opens up about turning real-life incidents into cinema.

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more