| Thursday, 10th July 2025, 5:41 pm

പൃഥ്വിയുടെ കാല് പിടിക്കുന്ന സീന്‍ ചെയ്യാന്‍ മണിക്ക് മടിയായിരുന്നു, കാരണം ന്യായമായിരുന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ് എന്നിവരുടെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ആളാണ് ലാല്‍ ജോസ്. മമമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്രസംവിധായകനായത്. 20ലധികം ചിത്രങ്ങള്‍ മലയാളികള്‍ സമ്മാനിച്ച ലാല്‍ ജോസ് ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.

പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍. പൃഥ്വിയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. മികച്ച നടന്‍, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലടക്കം നാല് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി. കലാഭവന്‍ മണിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ചിത്രത്തില്‍ കലാഭവന്‍ മണി പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ആ സീന്‍ ചെയ്യാന്‍ കലാഭവന്‍ മണിക്ക് മടിയായിരുന്നെന്ന് ലാല്‍ ജോസ് പറഞ്ഞു. ആ സീന്‍ വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നാണെന്നും അത് വര്‍ക്കാകില്ലെന്ന് കലാഭവന്‍ മണി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

അയാളും ഞാനും തമ്മില്‍ എന്ന പടത്തില്‍ കലാഭവന്‍ മണിയുടെ ക്യാരക്ടര്‍ രാജുവിന്റെ കാല് പിടിക്കുന്ന ഒരു സീനുണ്ട്. ആ സിനിമയിലെ ഏറ്റവും ഇമോഷണലായിട്ടുള്ള സീനുകളില്‍ ഒന്നാണത്. പക്ഷേ ആ സീനില്‍ രാജുവിന്റെ കാല് പിടിക്കാന്‍ മണിക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. അതിന് മണി പറഞ്ഞ കാരണം ന്യായമായിരുന്നു.

ആ സീനില്‍ അങ്ങനെയൊരു കാര്യം ചേര്‍ത്താല്‍ ഭയങ്ക ഡ്രാമാറ്റിക്കാകുമെന്നായിരുന്നു മണി പറഞ്ഞത്. ‘കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്ന് മണി പറഞ്ഞു. പക്ഷേ, എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞു. അയാള്‍ അവസാനം കണ്‍വിന്‍സായി,’ ലാല്‍ ജോസ് പറഞ്ഞു.

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അയാളും ഞാനും തമ്മില്‍. രവി തരകന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് നല്ലൊരു ഡോക്ടറിലേക്കുള്ള മാറ്റം വളരെ മികച്ച രീതിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ചു. ഇന്നും പലരുടെയും ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ അയാളും ഞാനും തമ്മില്‍ ഇടംപിടിച്ചിട്ടുണ്ട്.

Content Highlight: Lal Jose about Kalabhavan Mani’s emotional scene in Ayalum Njanum Thammil movie

We use cookies to give you the best possible experience. Learn more