| Monday, 19th October 2026, 12:14 pm

കോക്രോച്ച് ജനതാ പാർട്ടിയെ നേരിടാൻ ലാൽ ഹിറ്റ് ജനതാ പാർട്ടി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് മറുപടിയായി ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ എന്ന പേരിൽ പുതിയൊരു കൂട്ടായ്മ രൂപീകരിച്ചു.

കീടനാശിനി ബ്രാൻഡായ ലാൽ ഹിറ്റിന്റെ പേരിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് ഈ സംഘടനയുടെ തുടക്കം.

കഴിഞ്ഞദിവസം ദൽഹിയിലെ മാളവ്യ സ്മൃതി ഭവനിൽ ചേർന്ന യോഗത്തിൽ ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ ക്രിയാത്മകമായ പങ്കാളിത്തവും ഉയർത്തിപ്പിടിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സി.ജെ.പിയുടെ സമരരീതികളെ യോഗം ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, മറിച്ച് അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടാനാണ് തങ്ങൾ രംഗത്തിറങ്ങിയതെന്ന് കൺവീനർ അയാൻ ഭട്നാഗർ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ സി.ജെ.പി സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും നിയമപരമായ വഴികളിലൂടെയും മാത്രമേ ജനാധിപത്യ പോരാട്ടങ്ങൾ നടത്താവൂ എന്ന് സംഘടന യുവാക്കളോട് അഭ്യർത്ഥിച്ചു.

ചലച്ചിത്ര പ്രവർത്തകരായ റിച്ച ഗുപ്ത, പവൻ നാഗ്പാൽ, അതുൽ ഗംഗ്‌വാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

വോട്ടർ പട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും സി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ കൂട്ടായ്മയുടെ രൂപീകരണം.

ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ പാടുള്ളൂ എന്നും ലാൽ ഹിറ്റ് ജനതാ പാർട്ടി നേതാക്കൾ പറഞ്ഞു.

Content Highlight:‘Lal Hit’ Janata Party to take on the ‘Cockroach’ Janata Party.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more