| Thursday, 27th February 2025, 1:19 pm

കിങ് എന്ന് വിളിക്കാന്‍ യോഗ്യനാണെന്ന് അവന്‍ വീണ്ടും തെളിയിച്ചു: വിരാടിന് പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ്‌ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള സെഞ്ച്വറി നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ലാല്‍ചന്ദ് രജ്പുത്. സമ്മര്‍ദങ്ങള്‍ക്കിടയിലും കോഹ്‌ലിയുടെ ശാന്തതയോടെയുള്ള ഇന്നിങ്‌സ് പാകിസ്ഥാനെതിരെയുള്ള വിജയത്തില്‍ നിര്‍ണായകമായെന്നും രജ്പുത് പറഞ്ഞു. മാത്രമല്ല ‘ബിഗ് മാച്ച് പ്ലെയര്‍’ എന്നും കോഹ്‌ലിയെ രാജ്പുത് വിശേഷിപ്പിച്ചു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജ്പുത്.

‘വിരാട് പാകിസ്ഥാനെതിരെ ഒരു അസാധാരണ ഇന്നിങ്‌സ് കളിച്ച് അദ്ദേഹത്തിന്റെ ക്ലാസ്സ് വീണ്ടും തെളിയിച്ചു. നമ്മള്‍ എപ്പോഴും വിരാടിനെ കിങ് കോഹ്‌ലി എന്നാണ് വിളിക്കാറുള്ളത്. അത് എന്തുകൊണ്ടാണെന്ന് അവന്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. വിരാട് ‘ബിഗ് മാച്ച് പ്ലെയറാണ്,’ രജ്പുത് പറഞ്ഞു.

ദുബായ് അന്തരാഷ്ട്ര സേഡിയത്തില്‍ പാകിസ്ഥാനെതിരെ ഏഴ് ഫോര്‍ ഉള്‍പ്പെടെ 111 പന്തില്‍ സെഞ്ച്വറിയടിച്ച കോഹ്‌ലിയുടെ ഇന്നിങ്‌സ് അദ്ദേഹത്തിന്റെ ഫോമിനെ ചോദ്യം ചെയ്ത വിമര്‍ശകര്‍ക്ക് കൂടിയുള്ള മറുപടിയായിരുന്നു.

കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ച രജ്പുത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടൂര്‍ണമെന്റില്‍ വലിയ ഇന്നിങ്‌സ് കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിനെതിരെ 36 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയായിരുന്നു രോഹിത് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാകിസ്ഥാനെതിരെ 15 പന്തില്‍ നിന്ന് 20 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ അര്‍ഹരാണെന്നും അദ്ദേഹം പ്രവചിച്ചു.

‘കോഹ്‌ലി സെഞ്ച്വറിയടിച്ച് കളിയിലേക്ക് തിരിച്ചു വന്നു. അതുപോലെ വലിയ ഇന്നിങ്‌സുകളും സെഞ്ച്വറിയും അടിച്ച് ഫോം തെളിയിക്കേണ്ടത് ഇനി രോഹിതിന്റെ കടമയാണ്. എല്ലാ മത്സരങ്ങളിലും ആതിപത്യം സ്ഥാപിക്കുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അവര്‍ എതിരാളികള്‍ക്ക് തിരിച്ച് വരാന്‍ ഒരു അവസരവും നല്‍കുന്നില്ല. അതാണ് അവരുടെ മനോഭാവം. ഈ കളി തുടര്‍ന്നാല്‍ ഇന്ത്യക്ക് എളുപ്പത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്താനാവും,’ രജ്പുത് പറഞ്ഞു.

ഇന്ത്യ ഇതിനകം തന്നെ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. നിര്‍ണായക മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശിക്കാനാകും.

ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് (വ്യാഴം) നടക്കാനിരിക്കുന്ന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരിക്കുന്നത്.

Content Highlight: Lal Chand Rajput Talking About Virat Kohli And Indian Cricket Team

We use cookies to give you the best possible experience. Learn more