| Wednesday, 20th May 2026, 2:55 pm

അവനെതിരെ കളിക്കുമ്പോള്‍ രോഹിത് സൂക്ഷിക്കണം: നിര്‍ദേശവുമായി മുന്‍ ചെന്നൈ താരം

Sudev A

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അജിന്‍ക്യ രഹാനെയും സംഘവും ലക്ഷ്യം വെക്കില്ല.

പ്ലേ ഓഫിലേക്ക് കടക്കണമെങ്കില്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമാണ്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്നും 11 പോയിന്റുള്ള കൊല്‍ക്കത്തയ്ക്ക് ഇനി രണ്ട് മത്സരങ്ങളാണ് മുന്നിലുള്ളത്. ഈ രണ്ട് മത്സരങ്ങളും വിജയിക്കാനായാല്‍ 15 പോയിന്റ് കൊല്‍ക്കത്തയ്ക്ക് നേടാനാവും. ഇതിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ മത്സര ഫലവും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് യോഗ്യതക്ക് നിര്‍ണായകമാകും.

എന്നാല്‍ മുംബൈ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും ലക്ഷ്യം വെക്കുക. ഈ നിര്‍ണായക മത്സരത്തിന് മുന്നോടിയായി മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പേസറുമായി ലക്ഷ്മിപതി ബാലാജി.

വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്നെതിരെ കളിക്കുമ്പോള്‍ രോഹിത് ജാഗ്രത പുലര്‍ത്തണമെന്നാണ് ബാലാജി പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സളിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ചെന്നൈ താരം.

‘രോഹിത് നരെയ്നെതിരെ സൂക്ഷിച്ച് കളിക്കണം. ഈ സീസണിലെ കെ.കെ.ആറിന്റെ പ്രധാനപ്പെട്ട താരമാണ് നരെയ്ന്‍. അദ്ദേഹത്തിനെതിരെ കളിക്കുമ്പോള്‍ രോഹിത് ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ട്. എന്നാല്‍ കൊല്‍ക്കത്തക്കെതിരെ രോഹിത് എപ്പോഴും മികച്ച പ്രകടനം നടത്താറുണ്ട്. പരിക്കിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം മുംബൈക്ക് കൂടുതല്‍ കരുത്തായി മാറിയിട്ടുണ്ട്. സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ രോഹിത് ശ്രമിക്കുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് വലിയ ഭീഷണിയായി മാറാന്‍ അദ്ദേഹത്തിന് സാധിക്കും,’ ലക്ഷ്മിപതി ബാലാജി പറഞ്ഞു.

രോഹിത് ശർമ. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ നരെയ്നെതിരെ ഒമ്പത് തവണയാണ് രോഹിത് വിക്കറ്റ് നല്‍കി മടങ്ങിയിട്ടുള്ളത്. 149 റണ്‍സ് മാത്രമാണ് വിന്‍ഡീസ് സ്പിന്നര്‍ക്കെതിരെ രോഹിത് ശര്‍മക്ക് നേടാനായത്. കൊല്‍ക്കത്തക്കെതിരെ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് രോഹിത്. 35 ഇന്നിങ്സുകളില്‍ കൊല്‍ക്കത്തക്കെതിരെ ബാറ്റെടുത്ത ഹിറ്റ്മാന്‍ 1161 റണ്‍സാണ് അടിച്ചെടുത്തത്.

Content Highlight: Lakshmipathy Balaji talks about Rohit sharma performance against Sunil Narine

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more