| Saturday, 16th May 2026, 4:20 pm

അവന്‍ രോഹിത്തിന്റെ ഒരു ചെറിയ പതിപ്പ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ബാലാജി

ഫസീഹ പി.സി.

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി. ഗില്‍ അനായാസം ബാറ്റ് ചെയ്യുന്ന ഒരു  ക്ലാസിക് ക്രിക്കറ്ററാണെന്നും താരം രോഹിത് ശര്‍മയുടെ ഒരു ചെറിയ പതിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ഷോട്ടുകളാണ് ഗില്‍ കളിക്കുന്നതെങ്കിലും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റോടെയും സ്ഥിരതയോടെയും റണ്‍സ് കണ്ടെത്തി ടീമിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബാലാജി.

ലക്ഷ്മിപതി ബാലാജി – Photo:The Indian Express

‘ശുഭ്മന്‍ ഗില്‍ അനായാസം ബാറ്റ് ചെയ്യുന്ന ഒരു ക്രിക്കറ്ററാണ്. അവന്‍ രോഹിത് ശര്‍മയുടെ ഒരു ചെറിയ പതിപ്പാണ്. രോഹിത്തിനെ പോലെ തന്നെ ബാറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുന്ന, ആകര്‍ഷകമായ ശൈലിയുള്ള താരമാണ് അവന്‍. അതുപോലെ രോഹിത്തിന്റേതിന് സമാനമായി അവന്‍ ബാക്ക്ഫൂട്ട് കവര്‍ ഡ്രൈവുകളും കളിക്കാറുണ്ട്.

പരമ്പരാഗത ഷോട്ടുകളാണ് ഗില്‍ കളിക്കുന്നത്. പക്ഷേ, അവന്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിലും സ്ഥിരതയോടെയും കളിച്ച് ടീമിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. തുടര്‍ച്ചയായ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന അവന്‍ മികച്ച താരമായി മാറി,’ ബാലാജി പറഞ്ഞു.

ശുഭ്മൻ ഗിൽ. Photo: iplt20.com

ഗില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 11 ഇന്നിങ്‌സില്‍ കളിച്ച താരം ഇതിനകം തന്നെ 467 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറികളും ഗുജറാത്ത് നായകന്‍ അടിച്ചുകൂട്ടി. 42.45 ശരാശരിയിലും 158.30 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് ചെയ്യുന്നത്. 86 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ഐ.പി.എല്ലില്‍ ഗുജറാത്ത് ഇന്ന്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. കെ.കെ.ആറിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡാന്‍സാണ് മത്സരത്തിന്റെ വേദി.

Content Highlight: Lakshmipathy Balaji says that GT captain Shubhman Gill is shorter version of Rohit Sharma

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more