| Monday, 2nd February 2026, 11:02 pm

ശ്വാസമെടുക്കാതെ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഹാഷ്മി താജ് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍: കുറിപ്പുമായി ലക്ഷ്മി പദ്മ

അനിത സി

തിരുവനന്തപുരം: ഗുരുതരമായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ജയിലിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ.

ഹാഷ്മി ചോദിക്കാതെ വിട്ടുപോയ ചോദ്യങ്ങളും രാഹുലിന്റെ പല ഉത്തരങ്ങളിലെയും അപാകതകളും ചൂണ്ടിക്കാണിച്ചാണ് മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്.

രാഹുലിന്റെ പല വാദങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ലക്ഷ്മി പദ്മയുടെ കുറിപ്പ്. മൂന്നാമത്തെ പരാതിക്കാരിയില്‍ നിന്നും പണവും സമ്മാനവും വാങ്ങിയിട്ടില്ലെന്ന വാദത്തെ പൊളിക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

രാഹുല്‍ അതിജീവിതകള്‍ക്കെതിരെ വാദങ്ങള്‍ ഉയര്‍ത്തുമ്പോഴും ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളെ കുറിച്ച് മൗനം പാലിച്ചെന്ന് ലക്ഷ്മി പദ്മ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരം മുട്ടുമ്പോള്‍ രാഹുല്‍ കേസ് കോടതിക്ക് മുന്നിലാണ് നിലവിലുള്ളതെന്നും തനിക്ക് കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും പറഞ്ഞ് ഒഴിയുകയായിരുന്നെന്ന് മാധ്യമപ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.

പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുല്‍ പറയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്നാണ് ധാര്‍മികമായ ചോദ്യമെന്ന് ലക്ഷ്മി പദ്മ പറയുന്നു.

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങള്‍ മാധ്യമമേഖലയില്‍ തന്നെയുള്ള മറ്റ് സ്ത്രീകള്‍ക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു.

ഹാഷ്മി ഇങ്ങനെ ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു.

പരാതിയുമായി എത്തിയവരും അല്ലാത്തവരുമായ അതിജീവിതകള്‍ സൈബര്‍ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങള്‍ നേരിട്ടറിയാവുന്ന ഹാഷ്മി, അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നില്‍ക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് ഉറപ്പുണ്ടായിട്ടും അഭിമുഖം നടത്തിയതിനെയും ലക്ഷ്മി പദ്മ ചോദ്യം ചെയ്യുന്നുണ്ട്.

ശ്വാസമെടുക്കാതെ നിങ്ങള്‍ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ കുറച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേള്‍ക്കണമായിരുന്നുവെന്നും അവര്‍ കുറിപ്പില്‍ ഹാഷ്മി താജ് ഇബ്രാഹിമിനെ ഓര്‍മിപ്പിക്കുന്നു.

മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ 24 മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങൾ …സമാഹരിക്കാതെ പോയ തെളിവുകൾ
1.മൂന്നാമത്തെ പരാതിക്കാരിയിൽ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കിൽ അവർ നടത്തിയിരിക്കുന്ന ബാങ്ക് ട്രാൻസ്ഫറുകളും ഓൺ ലൈൻ പേർച്ചസുകളും കൊറിയർ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകൾ ആണ്ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്.
2.അതിജീവിതകൾക്കെതിരെ ദുർബല വാദമുഖങ്ങൾ ഉയർത്താൻ ഒരു മടിയും കാണിക്കാത്ത രാഹുൽ എന്തുകൊണ്ടാണ് ഗർഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?
3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവയല്ലാം കോടതിയുടെ പരിഗണനയിൽ അല്ലേ എന്ന് ഉരുളുന്ന രാഹുൽ കോടതിയുടെ പരിഗണനയിൽ തെളിവുകൾ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ പറയുന്നത് എങ്ങനെ?

രാഹുല്‍ മാങ്കൂട്ടത്തില്‍ Photo: 24 News/youtube.com

4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുൽ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിൽ ടെക് ഗ്രൂപ്പുമായി സംസാരിക്കാൻ ചുമതലപ്പെടുത്തണം?
5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കിൽ എന്തിനാണ് അവർ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളിൽ പറയുന്നത്?(കോടതിയിൽ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്ക്രീൻ ഷോട്ട് താഴെ)
6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുൽ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാർമികമായ ചോദ്യം? ( ഈ കേസുകൾ നേരാംവണ്ണം പഠിച്ചെങ്കിൽ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )
അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും(ഇതുവരെയും പ്രാതിപ്പെടാത്തവർ)അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?
അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു.
Content Highlight: Journalist  Lakshmi Padma questions Journalist Hashmi  Taj Ibrahim and Rahul Mamkoottathil interview
അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more