| Friday, 15th August 2025, 6:57 am

സര്‍ക്കാര്‍ ഭൂമിയിലെ തേങ്ങ പറിക്കുന്നവര്‍ക്ക് പിടിവീഴും; ഉത്തരവിറക്കി അഗത്തി ഡെപ്യൂട്ടി കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തെങ്ങുകളില്‍ നിന്ന് അനധികൃതമായി തേങ്ങ പറിച്ചാല്‍ പിടിവീഴും. സര്‍ക്കാര്‍ ഭൂമിയിലെ തെങ്ങുകളില്‍ അനധികൃതമായി കേറരുതെന്നാണ് നിര്‍ദേശം. അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന്റേതാണ് ഈ വിചിത്ര ഉത്തരവ്.

അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദ്വീപുകളിലെ തെങ്ങുകയറ്റക്കാരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. അനധികൃതമായി തേങ്ങ പറിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ഭൂമികളില്‍ കൈയേറ്റം നടത്തുന്നതും അതിലുള്ള വസ്തുവകകള്‍ കൈക്കലാക്കുന്നതും നിയമലംഘനവും ശിക്ഷാര്‍ഹവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമികളില്‍ അനധികൃതമായി കൈയേറ്റങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ കുറേ നാളുകളായി ദ്വീപുകളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിനും ജീവിത രീതിക്കും എതിരായ നടപടികളാണ് ലക്ഷദ്വീപ് അധികൃതര്‍ സ്വീകരിക്കുന്നത്.

ജൂണില്‍ ലക്ഷദ്വീപില്‍ ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നത് ഹൈക്കോടതി താത്കാലികമായി തടസപ്പെടുത്തിയിരുന്നു. പ്രാദേശിക ഭാഷയായ മഹല്‍, അറബി എന്നീ ഭാഷകള്‍ സിലബസില്‍ നിന്ന് ഒഴിവാക്കുന്ന നടപടി കോടതി തടയുകയായിരുന്നു.

ലക്ഷദ്വീപ് സ്വദേശിയായ പി.കെ. അജാസ് അക്ബര്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു കോടതി നടപടി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ സിലബസില്‍ ഉള്‍പ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാല്‍ 70 വര്‍ഷമായി നിലനില്‍ക്കുന്ന സംവിധാനത്തെയാണ് ഉത്തരവിലൂടെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

മെയ് 14ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ത്രിഭാഷാ നയം സംബന്ധിച്ച് ഒരു ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം മിനിക്കോയ് ദ്വീപിലെ മഹല്‍ ഭാഷയേയും ദ്വീപീല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന അറബി ഭാഷയേയും സിലബസില്‍ നിന്ന് പുറത്താക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം.

ഇതിനുപുറമെ ലക്ഷദ്വീപിലെ ബിത്രദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രദേശവാസികളില്‍ നിന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലക്ഷദ്വീപ് എം.പിയായ ഹംദുള്ള സയീദും ദ്വീപ് നിവാസികളുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അതേസമയം തന്ത്രപ്രധാനമായ സ്ഥലം, ദേശീയ സുരക്ഷാ പ്രസക്തി എന്നിവ കണക്കിലെടുത്ത് മുഴുവന്‍ ദ്വീപും ഡിഫെന്‍സ് സ്ട്രാറ്റജിക്ക് കൈമാറുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിഞ്ജാപനത്തില്‍ പറയുന്നത്.

പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ദ്വീപ് ഏറ്റെടുക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. റവന്യു വകുപ്പിനെ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയിരുന്നു.

Content Highlight: Those who pluck coconuts on government land will be caught; Agatti Deputy Collector issues order

We use cookies to give you the best possible experience. Learn more