ഫുട്ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ മെസിയുടെ വിരമിക്കലിന് പിന്നാലെ അര്‍ജന്റീന ടീമിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പര്‍താരം ലിയാന്‍ഡ്രോ പരേഡസ്.
ദേശീയ ടീമില്‍ തുടരുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പരേഡസ് പറഞ്ഞത്. ലോകകപ്പ് ഫൈനലിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച വിലക്കും മെസിയുടെ വിരമിക്കല്‍ തീരുമാനമാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു.
മെസി കൂടെയില്ലെങ്കില്‍ പഴയ പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഭാവിയെക്കുറിച്ച് പരിശീലകനായുമായി സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും പരേഡസ് വ്യക്തമാക്കി. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജന്റൈന്‍ താരം.
‘എന്നെ സംബന്ധിച്ച് ദേശീയ ടീമില്‍ തുടരുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിലക്കും ലയണല്‍ മെസിയുടെ വിരമിക്കലുമാണ് ഈ തീരുമാനത്തിന് കാരണം. മെസി കൂടെയില്ലെങ്കില്‍ ഇതെല്ലം പഴയ പോലെ മുന്നോട്ട് കൊണ്ടുപോവുക പ്രയാസമാണ്. ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും. തുടരുകയെന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ ഇതിനെക്കുറിച്ച് പരിശീലകനുമായി സംസാരിക്കും ഇതിന് ശേഷമാവും അന്തിമ തീരുമാനമെടുക്കുക,’ ലിയാന്‍ഡ്രോ പരേഡസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തിനുശേഷം സ്‌പെയിന്‍ താരങ്ങളുമായി നടന്ന സംഘര്‍ഷത്തിലാണ് ലിയനാന്‍ഡ്രോ പരേഡസിന് വിലക്ക് ലഭിച്ചിരുന്നത്. പരേഡസിന് 10 മത്സരങ്ങളില്‍ വിളക്കും 86 ലക്ഷം രൂപ പിഴയുമായി ഫിഫ ശിക്ഷയായി വിധിച്ചത്,
ലോകകപ്പ് ഫൈനലില്‍ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജന്റീന താരങ്ങള്‍ മൈതാനത്ത് ആക്രമണ സംഭവങ്ങള്‍ നടത്തിയത്. പരേഡസ് സ്‌പെയ്ന്‍ യുവതാരം ഗാവിയെ തള്ളിയതോടെയാണ് മൈതാനം സംഘര്‍ഷഭരിതമായി മാറിയത്.
അതേസമയം അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്പെയ്നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.
ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരും. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. മോണ്‍ട്രിയലിനെതിരെ നടന്ന അവസാന മത്സരത്തില്‍ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസി നേടിയത്. ഇതില്‍ രണ്ട് മനോഹരമായ ഫ്രീ കിക്ക് ഗോളുകളും ഉണ്ടായിരുന്നു.
Content Highlight: Laeandro Paredes talks about his future with Argentina team