| Tuesday, 16th September 2025, 3:08 pm

മലയാള സിനിമയിലെ മറക്കാനാകാത്ത പെണ്‍ കഥാപാത്രങ്ങള്‍

ശരണ്യ ശശിധരൻ

മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണെന്ന് പറയുമ്പോഴും ഒരുപിടി മികച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ് മോളിവുഡ്.

പല സംവിധായകര്‍ പല കാലഘട്ടത്തിലായി നമുക്ക് പെൺ മുഖങ്ങളെ സമ്മാനിച്ചു. കാലഘട്ടത്തിനനുസരിച്ച് കഥാപാത്രങ്ങളുടെ ശൈലി മാറി, കാഴ്ചപ്പാടും. ഏറ്റവും ഒടുവിലായി ഇതാ ലോകഃ എന്നൊരു സിനിമയും മലയാളം ഇന്‍ഡസ്ട്രിയുടെ തലവര മാറ്റിക്കളഞ്ഞു.

പല കാലഘട്ടത്തിലായി മലയാളികള്‍ക്ക് പരിചിതയായ ചില പെണ്‍കഥാപാത്രങ്ങളെ നോക്കാം….

ക്ലാര (തൂവാനത്തുമ്പികള്‍)

തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ നിന്നും

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് ക്ലാരയും തൂവാനത്തുമ്പികളും. 1987ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ക്ലാര ജയകൃഷ്ണന്റെയും മനസില്‍ മാത്രമല്ല ഇടം പിടിച്ചത്, മലയാളികളുടെ മനസിലൊട്ടാകെയായിരുന്നു. അവള്‍ക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്. കാഴ്ചപ്പാടുകളുണ്ട്. മറ്റൊരാളുടെ പുരുഷനെ വിട്ടുകൊടുത്ത തന്റെ സ്വാതന്ത്ര്യത്തെ തിരിച്ചറിഞ്ഞ ക്ലാര എക്കാലത്തെയും മികച്ച സ്ത്രീ കഥാപാത്രമാണ്. ക്ലാരയായി അഭിനയിച്ചത് സുമലതയായിരുന്നു

ഭദ്ര – കണ്ണെഴുതി പൊട്ടും തൊട്ട്

കണ്ണെഴുതി പൊട്ടുംതൊട്ട് ചിത്രത്തിൽ നിന്നും

സ്വന്തം കുടുംബത്തെ നശിപ്പിപ്പിച്ചതിന് പ്രതികാരം ചെയ്യാനിറങ്ങുന്ന ഒരു പെണ്ണ് അതായിരുന്നു ഭദ്ര. അവളുടെ കണ്ണുകളിലൂടെ പ്രതികാരം ആളിക്കത്തിയപ്പോള്‍ അതില്‍ നശിച്ചുപോയത് അവളുടെ എല്ലാമായ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ നടേശനും അദ്ദേഹത്തിന്റെ മകനുമാണ്. ഭദ്രയായി അഭിനയിച്ച (ജീവിച്ച) മഞ്ജു വാര്യര്‍ എന്ന നടിയുടെ അസാമാന്യ പെര്‍ഫോമന്‍സാണ് ആ ചിത്രത്തിലൂടെ കാണാന്‍ സാധിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ടെസ – 22 ഫീമെയില്‍ കോട്ടയം

22 ഫീമെയിൽ കോട്ടയം

‘ഫാവി’യെപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്ന ടെസ എന്ന കോട്ടയംകാരി, എന്നാല്‍ അവളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നശിപ്പിച്ചത് ഒരിക്കല്‍ അവള്‍ സ്വന്തം എന്ന് വിചാരിച്ചിരുന്ന ഒരുവന്റെ കൈകൊണ്ടുതന്നെയായിരുന്നു. എന്നാല്‍ അതിനെ വിധിക്ക് വിട്ടുകൊടുക്കാതെ പോരാടിയ ടെസ മലയാള സിനിമയിലെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രം ആയിരുന്നു. ആ സിനിമയും… ടെസയായി റിമ കല്ലിങ്കല്‍ അതിമനോഹരമായി മാറിയതോടെ ആ കോട്ടയംകാരിലെ പ്രേക്ഷകരെല്ലാവരും ചേര്‍ത്ത് പിടിച്ചു.

പല്ലവി – ഉയരെ

ഉയരേ ചിത്രത്തിൽ നിന്നും

ഉയരങ്ങള്‍ കീഴടക്കാന്‍ സ്വപ്‌നം കണ്ട, പറക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി. ആസിഡ് അറ്റാക്ക് കൊണ്ട് മുഖം വികൃതമായപ്പോഴും അതിനെ ശക്തമായി നേരിട്ട പല്ലവി. എല്ലാ തരണങ്ങളെയും കാറ്റില്‍ പറത്തി സ്വന്തം സ്വപ്‌നങ്ങള്‍ വീണ്ടും എത്തിപ്പിടിച്ചപ്പോള്‍ അവളുടെ സന്തോഷത്തിനൊപ്പം നമ്മളും സന്തോഷിച്ചു. ഉയരെ എന്ന ചിത്രവും പല്ലവിയും ശരിക്കും പ്രചോദനമാണ്. ജീവിതത്തില്‍ തോറ്റുകൊടുക്കാതെ ജീവിക്കാനുള്ള പ്രചോദനം.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ കഥാപാത്രം

ഇന്ത്യന്‍ സ്ത്രീകളുടെ പ്രത്യേകിച്ചും കല്യാണം കഴിഞ്ഞാലുള്ള സ്ത്രീകളുടെ അവസ്ഥ വ്യക്തമാക്കിത്തന്ന സിനിമയും കഥാപാത്രവും. കഥാപാത്രത്തിന് പേരില്ലെങ്കിലും പുരുഷ മേധാവിത്വത്തിനെതിരെയുള്ളൊരു അടിയായിരുന്നു നിമിഷ അവതരിപ്പിച്ച കഥാപാത്രം. നര്‍ത്തകിയാകണമെന്ന ആഗ്രഹത്തില്‍ കല്യാണം വിലങ്ങ് തടിയാകുമ്പോള്‍, അവളുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ ശക്തമായി പ്രതികരിച്ച് ഇറങ്ങി വന്നവള്‍. ചിത്രം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

ചന്ദ്ര – ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര

ചന്ദ്രയിലെ രംഗം

നമ്മുടെ കൂടെ സൂപ്പര്‍ ഹീറോസ് ഉണ്ടെങ്കിലോ? എങ്ങനെയുണ്ടാകും? നമ്മുടെ ചന്ദ്ര മാസ് ആണ് ക്ലാസും ആണ്. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ആളാണെങ്കിലും തിന്മ കണ്ടാല്‍ അവള്‍ പ്രതികരിക്കും. എന്നാല്‍ കൂടെയുള്ളവരെ വിട്ടുകളയാതെ ഒപ്പം ചേര്‍ക്കുകയും ചെയ്യും. ചന്ദ്രയായി കല്യാണി അഴിഞ്ഞാടുകയാണ്. ചിത്രം ഇപ്പോഴും തിയേറ്റില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: Lady Characters in Malayalam Cinema

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more