| Sunday, 28th September 2025, 7:34 am

ലഡാക്ക് സംഘര്‍ഷം നേപ്പാളും ബംഗ്ലാദേശും ആയിമാറാനുള്ള റിഹേഴ്‌സല്‍: വി.എച്ച്.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്കിലെ പ്രതിഷേധങ്ങള്‍ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുള്ള റിഹേഴ്‌സല്‍ ആയിരിക്കാമെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പരിശീലനവുമില്ലാതെ ലഡാക്കില്‍ നടന്ന പ്രതിഷേധം രാജ്യത്തുടനീളം ഉണ്ടാകാനിടയുണ്ടെന്നും അലോക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എച്ച്.പി മേധാവി.

ലഡാക്കിലേതിന് സമാനമായ പ്രതിഷേധങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അലോക് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും അലോക് കുമാര്‍ പ്രതികരിച്ചു.

ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭയം പോലുള്ള വികാരങ്ങളുണ്ടെന്ന് കരുതുന്നില്ല. നമ്മുടെ രാജ്യം മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും അലോക് കുമാര്‍ പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജെൻ സി പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വി.എച്ച്.പി നേതാവിന്റെ പ്രതികരണം.

കഴിഞ്ഞവര്‍ഷം ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന് നേരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെയും നേപ്പാളില്‍ ഈ മാസം നടന്ന ജെന്‍ സി സംഘര്‍ഷത്തെയും ലഡാക്കിലെ സംഘര്‍ഷവുമായി താരതമ്യം ചെയ്തുകൊണ്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയും രംഗത്തെത്തിയിരുന്നു.

ലഡാക്കില്‍ ബുധനാഴ്ചയുണ്ടായ പ്രതിഷേധത്തില്‍ നാല് പേര്‍ മരിക്കുകയും 90ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ഷെഡ്യൂള്‍ ആറില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്.

പിന്നീട് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും 15ഓളം പേരും നടത്തിയ നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചാണ് ലഡാക്കിലെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സോനം വാങ്ചുക്ക് നിരാഹാരസമരം നിര്‍ത്തിവെച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നമ്മുടെ ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ച പ്രകോപനമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ലഡാക്ക് സംഘര്‍ഷത്തിന് കാരണം സോനം വാങ്ചുക്കാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് നടപടി.

Content Highlight: Ladakh conflict a rehearsal for turning into Nepal and Bangladesh: VHP leader

We use cookies to give you the best possible experience. Learn more