| Wednesday, 24th September 2025, 5:59 pm

ലഡാക്ക് സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്; പ്രദേശത്ത് നിരോധനാജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഡാക്ക്: ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധസമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.  രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് ലേ ലഡാക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത(ബി.എന്‍.എസ്.എസ്)യിലെ 163ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രതിഷേധങ്ങളും ജനങ്ങള്‍ കൂടി നില്‍ക്കുന്നതും നിരോധിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതും അനുമതിയില്ലാതെ റാലികളും മാര്‍ച്ചും ഘോഷയാത്രയും നടത്തുന്നതിനും വിലക്കുണ്ട്.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ പിന്തുണയ്ക്കുന്ന ജെന്‍ സി യുവാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സോനമുള്‍പ്പടെ 15പേരായിരുന്നു നിരാഹാര സമരമിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

പ്രതിഷേധക്കാര്‍ ബി.ജെ.പിയുടെ പ്രാദേശിക ഓഫീസിന് തീവെയ്ക്കുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജ്ജും പ്രയോഗിച്ചു.

ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സംസ്ഥാനപദവി നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സോനം വാങ്ചുക്ക് സെപ്റ്റംബര്‍ പത്ത് മുതല്‍ നിരാഹാരസമരം ആരംഭിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ സോനം നിരാഹാരസമരം അവസാനിപ്പിച്ചു.

സോനമുള്‍പ്പടെ 15പേരായിരുന്നു നിരാഹാര സമരമിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു. ഇതിനിടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

2019 ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയിരുന്നു. അന്നുതൊട്ട് ലഡാക്കിലെ ജനങ്ങള്‍ സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടെ, ജനങ്ങളോട് അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അഞ്ച് വര്‍ഷത്തോളമായി തൊഴിലൊന്നും ലഭിക്കാത്ത യുവാക്കളാണെന്നും പ്രതിഷേധം ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും സോനം പറഞ്ഞു.

‘ലേയില്‍ ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി. ഇത് യുവാക്കളുടെ രോഷമാണ്. തെരുവില്‍ കണ്ടത് ഒരു ജെന്‍ സി വിപ്ലവം തന്നെയാണ്’, സോനം പറഞ്ഞു.

അഞ്ച് വര്‍ഷമായി അവര്‍ തൊഴിലില്ലാതെയാണ് കഴിയുന്നത്. സര്‍ക്കാര്‍ ലഡാക്കിന് സുരക്ഷ നല്‍കുന്നില്ലെന്നും ആക്രമണത്തിലും തീവെപ്പിലും നിരാശയുണ്ടെന്നും സോനം വാങ്ചുക്ക് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Content Highlight: Ladakh clash: Several injured; curfew imposed in the area

We use cookies to give you the best possible experience. Learn more