| Friday, 13th November 2026, 8:34 am

ലഡാക്ക് പ്രക്ഷോഭം: ലേയില്‍ വീട്ടുതടങ്കലിലെന്ന് സോനം വാങ്ചുക്; കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ്: നിഷേധിച്ച് പൊലീസ്

നിഷാന. വി.വി

ലേ : ലഡാക്കില്‍ പ്രാദേശിക പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ താന്‍ വീട്ടുതടങ്കലിലാണെന്ന ഗുരുതര ആരോപണവുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്.

കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വസതിക്ക് പുറത്ത് 20 മുതല്‍ 25 വരെ സായുധ പോലീസുകാരെയും അര്‍ദ്ധസൈനികരെയും വിന്യസിച്ചിരിക്കുകയാണെന്നും, പുറത്തേക്ക് ഇറങ്ങുന്നത് പൂര്‍ണമായും തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച (നവംബര്‍ 11) രാത്രി എട്ട് മണിയോടെ ലേയിലെ എന്‍.ഡി.എസ് മെമ്മോറിയല്‍ പാര്‍ക്കില്‍ അനിശ്ചിതകാല സത്യാഗ്രഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പൊലീസ് സംഘം എത്തിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരം ലേ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് പൊലീസ് അദ്ദേഹത്തിന് കൈമാറി.

തുടര്‍ന്ന് മുഖംമൂടിയും ഹുഡിയും ധരിച്ചെത്തിയ നാല് പേര്‍ തന്നെ ബലമായി വാഹനത്തില്‍ കയറ്റി രാത്രി 8.40-ഓടെ ‘ഹിയാലിലെ’ വസതിയില്‍ എത്തിക്കുകയായിരുന്നുവെന്ന് വാങ്ചുക് പറയുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 60 ദിവസത്തേക്കാണ് അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വരാനിരിക്കുന്ന മുനിസിപ്പല്‍-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെയും ഡിസംബര്‍ നാലിലെ ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ലേയില്‍ നിരോധനാജ്ഞ നിലവിലുണ്ടെന്ന് ലഡാക്ക് ഡി.ജി.പി ആനന്ദ് ജെയിന്‍ പറഞ്ഞു.

പൊതുസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

എന്നാല്‍, സായുധ സേനയെ വീടിന് മുന്നില്‍ വിന്യസിച്ചത് ഫലത്തില്‍ വീട്ടുതടങ്കല്‍ തന്നെയാണെന്നും, ഈ ഏകപക്ഷീയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും വാങ്ചുക് പ്രതികരിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ റീച്ച് ഭരണകൂടം മനപൂര്‍വ്വം കുറയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാങ്ചുകിനെ തടഞ്ഞുവെച്ചെങ്കിലും ‘ലേ അപെക്‌സ് ബോഡി’ കോ-ചെയര്‍മാന്‍ ചെറിംഗ് ഡോര്‍ജെ ലക്രൂക്കിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ എന്‍.ഡി.എസ് മെമ്മോറിയല്‍ പാര്‍ക്കില്‍ അനിശ്ചിതകാല ധര്‍ണ്ണ ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍ നാലിന് നിശ്ചയിച്ചിരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആറ് മാസത്തേക്ക് മാറ്റിവെക്കുക എന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. കൊടും തണുപ്പ് കാരണം ജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ ആളുകള്‍ നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിത്താമസിച്ചിരിക്കുകയാണെന്നും, ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ, 2025 സെപ്റ്റംബറില്‍ ലേയിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടുക, സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ സംരക്ഷണവും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുക, മുന്‍കാല സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുക, സ്വതന്ത്ര ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയമിക്കുക, പുതിയ മദ്യനയം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സന്ദേശം അയച്ചിട്ടുണ്ട്.

Content Highlight: Ladakh Agitation: Sonam Wangchuk claims to be under house arrest in Leh and warns of approaching the court; police deny the allegation.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more