| Thursday, 31st July 2025, 11:39 am

തെളിവുകളില്ല; മാലേഗാവ്‌ സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മാലേഗാവ്‌ സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഏഴ് പ്രതികളേയും വെറുടെ വിട്ടത്. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ബി.ജെ.പി മുന്‍ എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ അടക്കമുള്ള മുഖ്യപ്രതികളാണ് കുറ്റവിമുക്തരായത്. കേസിലെ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും പ്രതികളാണ് സ്‌ഫോടനം നടത്തിയതിന് യാതൊരുവിധ തെളിവുകളും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

 വിരലടയാളമോ ഡി.എന്‍.എ പരിശോധനയോ കേസില്‍ നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. പ്രതികള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കുന്നതില്‍ അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന്‌ നിരീക്ഷിച്ച കോടതി, യു.എ.പി.എ, ആയുധ നിയമം, മറ്റ് നിയമങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു.

കേസിലെ പ്രധാനസാക്ഷികള്‍ കൂറുമാറിയതും തിരിച്ചടിയായി. കേസില്‍ രണ്ടാം പ്രതിയായ കേണല്‍ പുരോഹിത് കശ്മീരില്‍ നിന്ന് സ്‌ഫോടവസ്തുക്കള്‍ വാങ്ങിയെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് തെളിയിക്കാന്‍ എന്‍.ഐ.എയ്‌ക്കായില്ല. മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ലെഫ് കേണല്‍ പ്രസാദ് പുരോഹിത്.

ഇവര്‍ക്ക് പുറമെ വിരമിച്ച മേജര്‍ രമേശ് ഉപാധ്യയ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടത്. കേസ് അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എ.കെ. ലഹോട്ട് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപം സ്‌ഫോടനമുണ്ടായത്. മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് കേസ് അന്വേഷിച്ചത്. ഇത് 2011 ഏപ്രിലിലാണ് എന്‍.ഐ.എയ്‌ക്ക് കൈമാറിയത്.

Content Highlight: Lack of evidence; Court acquits all accused in Malagove blast case

We use cookies to give you the best possible experience. Learn more