ഈയിടെ നടന്ന ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ആദ്യ ടെസ്റ്റ് വിജയിച്ചിട്ടും കംഗാരുക്കള്‍ പരമ്പരയില്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ഓസ്‌ട്രേലിയ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങി.
ഇതോടെ ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിര വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. പരമ്പരയില്‍ 150ലധികം റണ്‍സ് എടുത്തത് മൂന്ന് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ്.
ഇവരില്‍ ഏറ്റവുമധികം വിമര്‍ശനമേല്‍ക്കുന്നത് മുന്‍നിര ബാറ്റര്‍ മാര്‍നസ് ലബുഷെയ്ന്‍ ആണ്. കഴിഞ്ഞ സീസണിലെ ആഷസ് പരമ്പരയിലൂടെ ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയതിനുശേഷം പത്ത് ടെസ്റ്റുകളില്‍ നിന്ന് 23.66 ശരാശരിയിലാണ് ലബുഷെയ്ന്‍ റണ്‍സ് നേടിയത്. 16 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് താരത്തിന് നേടാനായത്.
2023ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിലാണ് അവസാനമായി സെഞ്ചുറി നേടിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് ലബുഷെയ്ന്‍ 21.83 ശരാശരിയില്‍ 131 റണ്‍സാണ് നേടിയത്.
ഇതോടെ ന്യൂസിലാന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് മാര്‍നസ് ലബുഷെയ്‌നെ പരിഗണിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി അറിയിച്ചു.
‘ആദ്യ ടെസ്റ്റിലേക്കും ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്കും മാര്‍നസിനെ പരിഗണിക്കില്ല. ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഇന്ന് തന്നെ വ്യക്തമാക്കാന്‍ തീരുമാനിച്ചത്.
ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ക്വീന്‍സ് ലാന്‍ഡിന്റെ ക്യാപ്റ്റനായി കളിക്കാന്‍ വേണ്ടി തടസമാകുന്ന തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാനാണ് ലബുഷെയ്‌നെ ടീമില്‍ നിന്ന് ഒഴിവാക്കിയ വിവരം നേരത്തെ പ്രഖ്യാപിച്ചതെന്ന് തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ബെയ്‌ലി പറഞ്ഞു.
എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യയിലും ഇംഗ്ലണ്ടിലും നടക്കുന്ന പര്യടനങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടാന്‍ ലബുഷെയ്‌ന് ഇനിയും അവസരമുണ്ടെന്ന് ബെയ്‌ലി സൂചിപ്പിച്ചു
‘അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചെത്താന്‍ ഇപ്പോഴും അവസരമുണ്ട്. ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ മാര്‍നസ് എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന താരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അടുത്തകാലത്തായി ആ മികവ് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയിലും മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും വലിയ സ്‌കോറുകളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കുറച്ചുകാലമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഒരിക്കലും ഒരു താരത്തെയും എന്നെന്നേക്കുമായി ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. മാര്‍നസിന്റെ കാര്യത്തിലും അത് വ്യത്യസ്തമല്ല,’ ബെയ്‌ലി പറഞ്ഞു.
Content Highlight: Labuschagne dropped for New Zealand Test series.