| Monday, 24th August 2026, 8:29 am

52 കൊല്ലമായി തോറ്റിട്ടില്ല; എതിരില്ലാത്ത അഞ്ച് ഗോളില്‍ ചരിത്രമെഴുതി ബാഴ്‌സ

ആദർശ് എം.കെ.

ലാ ലിഗയില്‍ വിജയത്തോടെ സീസണ്‍ ആരംഭിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ എഫ്.സി ബാഴ്‌സലോണ. എല്‍ക്കെയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കറ്റാലന്‍മാരുടെ വിജയം.

എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ റഫീന്യയുടെയും ഫെര്‍മിന്‍ ലോപസിന്റെയും ബ്രേസിന്റെയും അരങ്ങേറ്റക്കാരന്‍ കരീം അദേയിമിയുടെ ഗോളിന്റെയും കരുത്തിലാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ പ്രതിരോധം കടുപ്പിച്ച് 5-4-1 എന്ന ഫോര്‍മേഷനിലാണ് ഹോം ടീം കളത്തിലിറങ്ങിയത്. മറുവശത്ത് 4-2-3-1 എന്ന രീതിയില്‍ അദേയിമിയെ ആക്രമണത്തിന്റെ കുന്തമുനയാക്കി ഹാന്‍സി ഫ്ലിക്കും തന്റെ കുട്ടികളെ കളത്തിലിറക്കി.

മത്സരത്തിന്റെ 14ാം മിനിട്ടില്‍ ക്യാപ്റ്റന്‍ റഫീന്യയിലൂടെയാണ് ബാഴ്‌സയുടെ അക്കൗണ്ട് തുറന്നത്. പെനാല്‍ട്ടിയിലൂടെയായിരുന്നു താരം വലകുലുക്കിയത്. തുടര്‍ന്നും ബാഴ്‌സ ആക്രണങ്ങളില്‍ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഗാവിക്ക് പരിക്കേറ്റ് കളംവിട്ടത് ആരാധകരില്‍ ആശങ്കയുണ്ടാക്കിയെങ്കിലും പെഡ്രിയെത്തി ആ വിടവ് പരിഹരിച്ചു.

ഹാഫ് ടൈമിന്റെ ആഡ് ഓണ്‍ ടൈമില്‍ റഫീന്യയുടെ അസിസ്റ്റില്‍ കരീം അദേയിമി ഗോള്‍ കണ്ടെത്തി. ബാഴ്‌സയ്‌ക്കൊപ്പമുള്ള തന്റെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടാനായതും ജര്‍മന്‍ യുവതാരത്തിന്റെ ഈ നേട്ടത്തിന് ഇരട്ടി മധുരമേകി.

ഹാഫ് ടൈം വിസില്‍ മുഴങ്ങിയപ്പോള്‍ രണ്ട് ഗോളിന്റെ ലീഡുമായി ബാഴ്‌സ കളം നിറഞ്ഞു.

രണ്ടാം പകുതിയില്‍ ഹോം ടീം കാര്യമായ സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തിയെങ്കിലും ബാഴ്‌സയുടെ മുന്നേറ്റത്തിന് തടയിടാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. 65ാം മിനിട്ടില്‍ ലാമിന്‍ യമാലിനെയും കരീം അദേയിമിയെയും പിന്‍വലിച്ച ഫ്ലിക് ആന്തണി ഗോര്‍ഡനെയും ഡാനി ഓല്‍മോയെയും കളത്തിലിറക്കി.

ഗ്രൗണ്ടിലെത്തി രണ്ടാം മിനിട്ടില്‍ തന്നെ ഗോര്‍ഡന്‍ തന്റെ മാജിക് കാണിച്ചു. 67ാം മിനിട്ടില്‍ ബാഴ്‌സയുടെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്താന്‍ റഫീന്യയ്ക്ക് ഗോര്‍ഡന്‍ വഴിയൊരുക്കി.

71ാം മിനിട്ടില്‍ ഗോര്‍ഡന്റെ മാജിക്കല്‍ അസിസ്റ്റില്‍ ഫെര്‍മിന്‍ ലോപസും ഗോള്‍ നേടി. 79ാം മിനിട്ടില്‍ സ്വന്തം കാണികളുടെ മുന്നിലിട്ട് എല്‍ക്കെയുടെ പെട്ടിയിലെ അവസാന ആണിയെന്നോണം ലോപസ് തന്റെ രണ്ടാം ഗോളും ബാഴ്‌സയുടെ അഞ്ചാം ഗോളും അടിച്ചുകയറ്റി. സാവി എസ്പാര്‍ട്ടാണ് ഗോളിന് വഴിയൊരുക്കിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് കാറ്റലൂണിയയുടെ രാജാക്കന്‍മാര്‍ തലയുയര്‍ത്തി നിന്നു.

ഈ വിജയത്തോടെ 52 വര്‍ഷമായി എല്‍ക്കെയ്‌ക്കെതിരെയുള്ള ഡോമിനന്‍സ് തുടരാനും ബാഴ്‌സയ്ക്ക് സാധിച്ചു. 1974 ഡിസംബറിന് ശേഷം ഒരിക്കല്‍പ്പോലും ബാഴ്‌സയെ തോല്‍പ്പിക്കാന്‍ എല്‍ക്കെയ്ക്ക് സാധിച്ചിട്ടില്ല.

എല്‍ക്കെയ്‌ക്കെതിരെ ബാഴ്‌സയുടെ തുടര്‍ച്ചയായ 12ാം വിജയമാണിത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് ബാഴ്‌സ. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച സെവിയ്യ, അലാവസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. എസ്പാന്യോള്‍ അഞ്ചാം സ്ഥാനത്തും ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ ആറാമതുമാണ്. റയല്‍ ബെറ്റിസാണ് ഏഴാം സ്ഥാനത്ത്.

ഓഗസ്റ്റ് 28നാണ് ബാഴ്‌സ ലാ ലിഗയില്‍ ബാഴ്‌സയുടെ രണ്ടാം മത്സരം. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളികള്‍.

Content highlight: La Liga: Barcelona defeats Elche

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more