| Sunday, 29th March 2026, 7:15 pm

കളിയിക്കയും ഉണ്ണികൃഷ്ണനും പി.കെ നായരുമുണ്ടല്ലോ, ഇത് പൊളിക്കും, L366ല്‍ മോഹന്‍ലാലിനൊപ്പും മുകേഷും ജഗദീഷും, ആരാധകര്‍ ആവേശത്തില്‍

അമര്‍നാഥ് എം.

ഇന്‍ഡസ്ട്രി ഹിറ്റ് ടീം വീണ്ടുമൊന്നിക്കുന്ന L366 അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരുടെ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ട് ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ താടി വടിച്ച് പ്രത്യക്ഷപ്പെട്ടത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു.

ചിത്രത്തിന്റെ ഓരോ ലൊക്കേഷന്‍ സ്റ്റില്ലുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് താരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഒരുപിടി സീനിയര്‍ താരങ്ങളും L 366യുടെ ഭാഗമാകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മുകേഷും ജഗദീഷുമാണ്.

മോഹന്‍ലാലിനൊപ്പം ചേര്‍ന്നപ്പോഴെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ചിട്ടുള്ള മുകേഷും ഒപ്പം ജഗദീഷും ചേരുമ്പോള്‍ പ്രതീക്ഷകളേറെയാണ്. മൂവരുമൊന്നിച്ച എവര്‍ഗ്രീന്‍ ക്ലാസിക് വന്ദനവുമായാണ് L366നെ താരതമ്യം ചെയ്യുന്നത്. വന്ദനത്തില്‍ മൂന്ന് പേരും പൊലീസ് വേഷമായിരുന്നു കൈകാര്യം ചെയ്തത്. ഉണ്ണികൃഷ്ണനായി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ പീറ്റര്‍ കളിയിക്ക എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്. പി.കെ. നായരായി ജഗദീഷുമെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച രംഗങ്ങള്‍ ലഭിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സിനിമയില്‍ മൂവരും പൊലീസായെത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തിലാണ്. പഴയ കെമിസ്ട്രി ആവര്‍ത്തിക്കാന്‍ തരുണിന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ലാലു അലക്‌സ്, ഇര്‍ഷാദ്, സുധീഷ് തുടങ്ങി പഴയ താരങ്ങളുടെ സംഗമം കൂടിയാണ് L366. സീനിയര്‍ താരങ്ങളെല്ലാം വീണ്ടും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ടി.എസ് ലൗലജന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിനെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച തരുണ്‍ മൂര്‍ത്തി എന്ന ഫാന്‍ ബോയ് ഇത്തവണയും പ്രതീക്ഷകള്‍ കാക്കുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. തുടരും സിനിമയുടെ അതേ ക്രൂ തന്നെയാണ് ഈ പ്രൊജക്ടിനും. ഷാജി കുമാര്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: L 366 is reunion of Mohanlal Mukesh and Jagadeesh after long years

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more