ലോകകപ്പിലെ നോര്‍വേയും ഫ്രാന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ആദ്യമായി ലോകകപ്പ് വേദിയില്‍ നേര്‍ക്കുനേര്‍ എത്തുന്നു എന്നതാണ് അതിന് കാരണം.
നോര്‍വേയുടെ ഗോള്‍വേട്ടക്കാരനായ എര്‍ലിങ് ഹാലന്‍ഡും ഫ്രാന്‍സിന്റെ സൂപ്പര്‍താരമായ കിലിയന്‍ എംബാപ്പെയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. വര്‍ഷങ്ങളായി ഇരുവരും കളത്തിലുണ്ടെങ്കിലും ആദ്യമായാണ് ലോകകപ്പില്‍ പരസ്പരം എതിരാളികളാകുന്നത്.
നിലവിലെ ലോകകപ്പില്‍ ഹാലന്‍ഡും എംബാപ്പെയും മികച്ച ഫോമിലാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ വീതം നേടിയ ഹാലന്‍ഡും എംബാപ്പെയും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയിലാണ്. അതുകൊണ്ടുതന്നെ ഈ മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം മാത്രമല്ല, ടൂര്‍ണമെന്റിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള മത്സരത്തിലും നിര്‍ണായകമായി മാറും.
വ്യക്തിഗത റെക്കോഡുകളുടെ പേരിലും പ്രകടനത്തിന്റെ പേരിലും എംബാപ്പെയെയും ഹാലന്‍ഡിനെയും താരതമ്യം ചെയ്യുന്ന ആരാധകര്‍ക്ക് വലിയ ഒരു അവസരം കൂടിയാണ് വന്നിരിക്കുന്നത്. ആരാണ് മികച്ച താരമെന്ന ചൂടന്‍ ചര്‍ച്ചകള്‍ക്കും മത്സരം വഴിവെക്കും.
ലോകകപ്പില്‍ ഇതിനകം തന്നെ ചരിത്രം സൃഷ്ടിച്ച താരമാണ് എംബാപ്പെ. 2018ല്‍ ഫ്രാന്‍സിനൊപ്പം ലോകകപ്പ് കിരീടം നേടിയ അദ്ദേഹം, 2022ലെ ഫൈനലില്‍ ഹാട്രിക്ക് നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. ലോകകപ്പ് വേദിയില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിലൊരാളായി അദ്ദേഹം ഇതിനകം തന്നെ മാറിക്കഴിഞ്ഞു. നിലവില്‍ നാല് ഗോളാണ് എംബാപ്പെ നേടിയത്. 16 ലോകകപ്പ് ഗോളുകള്‍ താരത്തിന്റെ പേരിലുണ്ട്.
എര്‍ലിങ് ഹാലന്‍ഡ്
ഹാലന്‍ഡിന് ഇത് ആദ്യ ലോകകപ്പ് ടൂര്‍ണമെന്റാണ്. 1998ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ നോര്‍വേയുടെ ഇത്തവണത്തെ പ്രധാന താരമാണ് ഹാലന്‍ഡ്. ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ ഇറാഖിനോടും രണ്ടാം മത്സരത്തില്‍ സെനഗലിനോടും ഇരട്ട ഗോള്‍ നേടിയാണ് ഹാലന്‍ഡ് ആഘോഷിച്ചത്. തന്റെ മിന്നുന്ന ഫോം ഫ്രാന്‍സിനെതിരെയും തുടരാനാണ് ലക്ഷ്യമിടുന്നത്.
എര്‍ലിങ് ഹാലന്‍ഡും കിലിയന്‍ എംബാപ്പെയും ലോകകപ്പിന് മുമ്പ് ഔദ്യോഗിക സീനിയര്‍ മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 2020ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടി. ആ പോരാട്ടങ്ങളില്‍ ഹാലന്‍ഡ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍, എംബാപ്പെയ്ക്ക് ഗോള്‍ നേടാനായില്ല. എന്നാല്‍ ഒരു അസിസ്റ്റ് എംബാപ്പെയുടെ പേരിലുണ്ട്.
ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് ഇതിനകം യോഗ്യത നേടിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിന് ഈ മത്സരഫലം നിര്‍ണായകമാണ്. അതിനാല്‍ ബോസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സിന് സമനില മതിയാകുമ്പോള്‍ നോര്‍വേയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ജയം അനിവാര്യമാണ്.
അതിനാല്‍ ടീമുകളുടെ വിജയപ്പോരാട്ടത്തിനൊപ്പം ഹാലന്‍ഡും എംബാപ്പെയും തമ്മിലുള്ള വ്യക്തിഗത പോരാട്ടവും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Content Highlight: Kylian Mbappe VS Erling Haaland Facing First Time In FIFA World Cup